Sunday, October 17, 2021

കേരളാ കോണ്‍ഗ്രസി(എം)ന്റെ വരവ്‌ മധ്യകേരളത്തില്‍ ഇടതുമുന്നണിക്കു നേട്ടമായെന്ന സി.പി.എം. വിലയിരുത്തല്‍ പൂര്‍ണമായി തള്ളി സി.പി.ഐയുടെ തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോര്‍ട്ട്‌

Must Read

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസി(എം)ന്റെ വരവ്‌ മധ്യകേരളത്തില്‍ ഇടതുമുന്നണിക്കു നേട്ടമായെന്ന സി.പി.എം. വിലയിരുത്തല്‍ പൂര്‍ണമായി തള്ളി സി.പി.ഐയുടെ തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോര്‍ട്ട്‌. കേരളാ കോണ്‍ഗ്രസ്‌ (എം) വന്നതുകൊണ്ട്‌ ഇടതുമുന്നണിക്കുണ്ടായതിനേക്കാള്‍ നേട്ടം അവര്‍ക്കാണുണ്ടായതെന്നും സി.പി.ഐ. റിപ്പോര്‍ട്ട്‌ പറയുന്നു. പാലായില്‍ ജയിച്ച യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്കുണ്ടായിരുന്ന സ്വാധീനം കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണിക്ക്‌ ഇല്ലായിരുന്നു. ഇത്‌ അവിടെ പരാജയകാരണമായെന്നും സി.പി.ഐ. വിലയിരുത്തുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ച പാലാ മണ്ഡലമാണു യു.ഡി.എഫ്‌ പിടിച്ചത്‌. യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷത്തെ ഒരു വിഭാഗം തയാറായില്ല. കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരിലും നിസ്സംഗതയുണ്ടായി. ഒരു പഞ്ചായത്തൊഴികെ ബാക്കി എല്ലായിടത്തും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്കു ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുടെ ജനകീയത എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്ക്‌ ഇല്ലാതെപോയതും പരാജയകാരണമായി കോട്ടയം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ, കേന്ദ്രനേതാക്കളായ അതുല്‍കുമാര്‍ അന്‍ജാന്‍, അശോക്‌ ധാവ്‌ലെ തുടങ്ങിയവര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടികളുടെ നടത്തിപ്പില്‍ ജാഗ്രതക്കുറവുണ്ടായി. ഇതു സംഘടനാപരമായ വീഴ്‌ചയാണ്‌. ഇടുക്കി ജില്ലയില്‍ ഒരു സീറ്റിലാണ്‌ സി.പി.ഐ. മത്സരിച്ചത്‌. എന്നിട്ടും അവിടെ പ്രചാരണപരിപാടികളില്‍ ജനപങ്കാളിത്തമുറപ്പാക്കാന്‍ സാധിച്ചില്ല. മണ്ണാര്‍കാട്ടും പീരുമേട്ടിലും സംഘടനാപരമായ വീഴ്‌ചയുണ്ടായി. മണ്ണാര്‍കാട്ട്‌ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം നല്ലനിലയിലായിരുന്നു. അവസാനഘട്ടത്തില്‍ മുസ്ലിം വോട്ടര്‍മാര്‍ക്കിടയിലുണ്ടായ ഏകീകരണവും മലയോരകര്‍ഷകരുടെ ഭൂമിയില്‍ വനം ഉദ്യോഗസ്‌ഥരില്‍നിന്നുണ്ടായ ദ്രോഹനടപടികളും യു.ഡി.എഫിന്‌ അനുകൂലാമായ അന്തരീക്ഷം സൃഷ്‌ടിച്ചു. പാര്‍ട്ടി മന്ത്രിമാര്‍ കൈകാര്യം ചെയ്‌ത വകുപ്പുകളിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താനായില്ല. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ വീഴ്‌ചയുണ്ടായി.
സ്‌ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക മുന്‍ എം.എല്‍.എ. ഗീതാ ഗോപി പ്രചാരണത്തില്‍ സജീവമായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌. രണ്ടുതവണ മത്സരിച്ചു വിജയിച്ച ഗീതയ്‌ക്ക്‌ ഇത്തവണയും സീറ്റുണ്ടാകുമെന്നായിരുന്നു ആദ്യസൂചന. എന്നാല്‍ രണ്ടുതവണ നിബന്ധന കര്‍ശനമാക്കിയപ്പോള്‍ അവര്‍ക്കു സ്‌ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടു. അതോടെ ഗീത പ്രചാരണരംഗത്തു സജീവമായില്ലെന്നും റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. നാട്ടികയില്‍ ഒരു മണ്ഡലം സെക്രട്ടേറിയറ്റ്‌ അംഗവും മണ്ഡലം കമ്മിറ്റിയംഗവും പ്രവര്‍ത്തനരംഗത്തില്ലായിരുന്നു. സ്‌ഥാനാര്‍ഥിത്വം ആദ്യഘട്ടത്തില്‍ നടത്താനാവാതെ പോയ മണ്ഡലമാണു നാട്ടിക. സ്‌ഥാനാര്‍ഥിയില്ലാതെയാണു തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ നടന്നത്‌. എല്‍.ഡി.എഫ്‌. എന്നനിലയില്‍ താഴേത്തട്ടുവരെ യോജിച്ച പ്രവര്‍ത്തനമുണ്ടായി. അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ഗുണകരമായെങ്കിലും പ്രചാരണത്തില്‍നിന്ന്‌ എം.എല്‍.എയുടെ വിട്ടുനിന്നതു ശരിയായില്ല.മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയില്‍നിന്നു യു.ഡി.എഫ്‌. പിടിച്ചെടുത്ത കുണ്ടറയിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി പി.സി. വിഷ്‌ണുനാഥ്‌ വിനയശീലനായിരുന്നെന്ന പുകഴ്‌ത്തലും റിപ്പോര്‍ട്ടിലുണ്ട്‌. മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവരീതിയെക്കുറിച്ച്‌ വോട്ടര്‍മാര്‍ക്കിടയില്‍ രഹസ്യമായ മുറുമുറുപ്പുണ്ടായി. വിനയശീലനായ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഈ ന്യൂനത മുതലാക്കി വോട്ടര്‍മാര്‍ക്കിടയില്‍ തുടക്കത്തിലേ നല്ല അഭിപ്രായം സൃഷ്‌ടിച്ചെടുത്തു. ബി.ജെ.പിയേയും എന്‍.എസ്‌.എസ്‌. അടക്കമുള്ള സംഘടനകളെയും വശത്താക്കിയെന്നുമാണു സി.പി.ഐ. കണ്ടെത്തല്‍.
കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാലിനെ സി.പി.എം.തന്നെ ഒതുക്കാന്‍ നോക്കിയെന്നും സി.പി.ഐ. വിമര്‍ശിക്കുന്നു. നല്ല ഐക്യത്തോടെ, ശക്‌തമായ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം കൊട്ടാരക്കരയില്‍ നടന്നിട്ടും ഭൂരിപക്ഷം 32,000-ത്തോളം കുറഞ്ഞു. യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയുടെ മികവും കുടുംബബന്ധങ്ങളും അവര്‍ക്കു തുണയായി. മണ്ഡലത്തിലെ സ്‌ഥാനാര്‍ഥിത്വമോഹികളായ ചിലര്‍ പ്രവര്‍ത്തനത്തില്‍ സജീവമായില്ല. ഒരു സംഘടനാസംവിധാനവുമില്ലാത്ത ദുര്‍ബലമായ പാര്‍ട്ടിയുടെ പ്രതിനിധിയാണു കുന്നത്തൂരില്‍ മത്സരിച്ചത്‌. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആ പാര്‍ട്ടിയും സ്‌ഥാനാര്‍ഥിയും പരാജയപ്പെട്ടെന്നും സി.പി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News