തിരൂർ ∙ കുട്ടിയെ ഉപേക്ഷിച്ചു കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ കോടതി റിമാൻഡ് ചെയ്തു. ഒരാഴ്ച മുൻപാണു തിരൂർ സ്വദേശിയായ ഇരുപത്തിയേഴുകാരിയെ കാണാതായത്. തുടർന്നു കുടുംബം പൊലീസിൽ പരാതി നൽകി. ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നെന്നു പൊലീസ് കണ്ടെത്തി. 8 വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ചാണു തൃശൂർ വാടാനപ്പള്ളി ശാന്തിനഗർ അമ്പലത്ത് വീട്ടിൽ ഹാരിസിന്റെ കൂടെ യുവതി നാടുവിട്ടത്.
പൊലീസ് ഇയാളുടെ വീട്ടിലും പോകാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ആലുവ, ചേറ്റുവ എന്നിവിടങ്ങളിലെ ബന്ധുവീടുകളിലായിരുന്നു ഹാരിസ് ഇവരെ താമസിപ്പിച്ചിരുന്നതെന്നു പിന്നീടു മനസ്സിലായി. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. വഞ്ചനാകുറ്റത്തിനും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് യുവതിക്കെതിരെ കേസ്.
കാമുകൻ ഹാരിസും സഹോദരൻ റഫീഖും യുവനടിയെ തട്ടിപ്പിനിരയാക്കിയ സംഭവം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. ഫോണിലൂടെ യുവതികളുമായി ബന്ധം സ്ഥാപിച്ച് പ്രണയം നടിച്ച് സ്വർണവും പണവും തട്ടിയെടുക്കുന്നതാണ് രീതി. ഭർതൃസഹോദരന്റെ ഭാര്യയിൽനിന്ന് 15 പവൻ സ്വർണം വാങ്ങിയാണു യുവതി ഇയാളുടെ കൂടെ നാടുവിട്ടത്.
ഇവർക്കെതിരെ കയ്പമംഗലം, വാടാനപ്പള്ളി, മരട്, കാക്കനാട്, എറണാകുളം ടൗൺ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. തിരൂർ എസ്ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
English summary
The court remanded the girl who abandoned the child and ran away with her boyfriend