ഭാര്യയെ ക്രൂരമായി കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി

0

ഭാര്യയെ ക്രൂരമായി കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും. പെരുവന്താനം ആനചാരി കൊട്ടാരത്തില്‍ ദേവസ്യ എന്നുവിളിക്കുന്ന അപ്പച്ചനാണ്‌ കുറ്റക്കാരനാണെന്നു തൊടുപുഴ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി പി.എന്‍. സീത വിധി പ്രസ്‌താവിച്ചത്‌.
2015 മേയ്‌ 26 -ന്‌ രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം. ഭാര്യ മേരിയുമായി (65) വീട്ടില്‍ വച്ച്‌ രാത്രി ഇയാള്‍ വഴക്കു കൂടുകയും തുടര്‍ന്ന്‌ കിടപ്പുമുറിയിലെ കട്ടിലില്‍ വച്ച്‌ ക്രൂരമായി കഴുത്ത്‌ അറുത്ത്‌ കൊലപ്പെടുത്തുകയുമായിരുന്നു. നിരന്തരം വഴക്ക്‌ ഉണ്ടാക്കുന്ന സ്വഭാവക്കാരനായ പ്രതി മദ്യപിച്ച്‌ വരികയും പലപ്പോഴും വീട്ടില്‍ കൊല്ലുമെന്ന്‌ പറഞ്ഞ്‌ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഭീഷണിയെത്തുടര്‍ന്ന്‌ പ്രതിയുടെ മകനും മകന്റെ ഭാര്യയും കുട്ടിയും തൊടുപുഴ ഭാഗത്ത്‌ താമസം മാറ്റിയിരുന്നു.
ഭാര്യയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ ശേഷം പ്രതി തന്റെ മകനോടും മകളോടും ഫോണില്‍ക്കൂടി സംഭവത്തെക്കുറിച്ച്‌ പറഞ്ഞിരുന്നു. തുടര്‍ന്ന്‌ ബന്ധുവായ അയല്‍വാസിയുടെ വീട്ടില്‍ ചെന്ന്‌ പറയുകയും ചെയ്‌തിരുന്നു. സംശയം തോന്നിയ അയല്‍വാസി വീട്ടില്‍ വന്ന്‌ നോക്കിയപ്പോള്‍ കഴുത്ത്‌ മുറിഞ്ഞ്‌ രക്‌തത്തില്‍ കുളിച്ച്‌ മരിച്ചു കിടക്കുന്ന മേരിയെ കണ്ടെത്തുകയായിരുന്നു.
മക്കള്‍ നല്‍കിയ മൊഴിയും അയല്‍വാസികളുടെ മൊഴികളും സാഹചര്യ തെളിവുകളും പ്രോസിക്യൂഷന്‌ കേസ്‌ തെളിയിക്കാന്‍ പര്യാപ്‌തമായ ശക്‌തമായ തെളിവകളാണെന്ന്‌ കോടതി നിരീക്ഷിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളുടെയും വൈദ്യശാസ്‌ത്ര തെളിവുകളുടെയും ശാസ്‌ത്രീയ തെളിവുകളുടെയും അടിസ്‌ഥാനത്തിലാണ്‌ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തുന്നതിന്‌ നിര്‍ണായകമായത്‌.
പെരുവന്താനം എസ്‌.ഐ. ടി.ഡി.സുനില്‍കുമാര്‍, പീരുമേട്‌ സി.ഐ. പി.വി. മനോജ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായ അഡ്വ. മനോജ്‌ കുര്യന്‍ ഹാജരായി.

Leave a Reply