Thursday, September 23, 2021

ജപ്തി ഒഴിവാക്കാൻ വസ്തുവിറ്റുകിട്ടിയ പണവുമായി പോയ ദമ്പദിമാരുടെ പണം കവർന്നു; മോഷ്ടാവ് സ്ത്രീ എന്ന് സൂചന; അന്വേഷണം തുടങ്ങി

Must Read

പുത്തൂർ:കെ.എസ്.ആർ.ടി.സി.ബസിൽ യാത്രാമധ്യേ ദമ്പതിമാർക്ക് നാലരലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ജപ്തിനടപടി ഒഴിവാക്കാൻ വസ്തുവിന്‌ അഡ്വാൻസ് വാങ്ങിയ പണവുമായി ബാങ്കിലേക്ക് പോകുകയായിരുന്നു ദമ്പതിമാർ.

കൈതക്കോട് ചരുവിള മേലേതിൽ മേബിൾ (50), ഭർത്താവ് ജോയി (54) എന്നിവർക്കാണ് പണം നഷ്ടമായത്. ജോയി വിദേശത്ത് ജോലിചെയ്യുന്ന ആളാണ്. കൊട്ടാരക്കരയിലെ ഒരു ബാങ്കിലായിരുന്നു പണമടയ്ക്കേണ്ടിയിരുന്നത്. വെള്ളിയാഴ്ച രാവിലെ ഒൻപതേകാലോടെ ചീരങ്കാവിൽനിന്ന്‌ പുനലൂർ ഫാസ്റ്റിലാണ് ഇവർ കയറിയത്. മേബിളിന്റെ ബാഗിലായിരുന്നു പണം.

ബസിന്റെ മുൻഭാഗത്ത് നിൽക്കുകയായിരുന്ന തന്നെ മുൻസീറ്റിലിരുന്ന സ്ത്രീകളിലൊരാൾ അൽപം മുന്നോട്ടു നീങ്ങിയശേഷം ഇരിക്കാൻ ക്ഷണിക്കുകയായിരുന്നെന്ന് മേബിൾ പറഞ്ഞു. ജോയി പുറകിലാണ്‌ ഇരുന്നത്. കൊട്ടാരക്കര ബസ്‌ സ്റ്റാൻഡിലെത്തി ബസിൽനിന്നിറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത്‌ അറിയുന്നത്.

ബാഗ് പകുതി തുറന്നനിലയിലായിരുന്നു. കൂടെ സീറ്റിലുണ്ടായിരുന്ന സ്ത്രീ ധൃതിപ്പെട്ട് ഇറങ്ങിപ്പോയതായും മേബിൾ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

സി.സി.ടി.വി.ക്യാമറദൃശ്യത്തിൽ ഒരു സ്ത്രീ തിരിഞ്ഞുനോക്കി വേഗം പോകുന്ന വീഡിയോ പോലീസിനു ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയും ഇവർ പണവുമായി ബാങ്കിൽ ചെന്നിരുന്നു. എന്നാൽ പ്രസിഡന്റ് ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച പ്രസിഡന്റ് ബാങ്കിലുണ്ടാകുമെന്നറിഞ്ഞ് വീണ്ടും പണവുമായി പോകുകയായിരുന്നു. 2016-ൽ എടുത്ത വായ്പയാണ് കുടിശ്ശികയായത്. മുപ്പതോളം സെന്റ്‌ വസ്തുവാണ് വിറ്റതെന്നും ദമ്പതിമാർ പറഞ്ഞു. കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News