തൃശൂർ: ചാലക്കുടിപ്പുഴയുടെ പാലത്തിൽ നിന്നും കണ്ടെയ്നർ ലോറി പുഴയിലേക്ക് മറിഞ്ഞു. പഴയ പാലത്തിന്റെ കൈവരികൾ തകർത്ത് ലോറി കുത്തനെ പുഴയിലേക്ക് മറിയുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് ഉച്ചക്ക് 3.30 ഓടെ അപകടത്തിൽപ്പെട്ടത്.ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു.
പഴയ പാലത്തിന്റെ കൈവരികൾ തകർത്ത് ഇരു പാലങ്ങൾക്കും ഇടയിലുള്ള ഭാഗത്തേക്ക് നിയന്ത്രം വിട്ട് കുത്തനെ മറിയുകയായിരുന്നു. ഡ്രൈവർ സാഹിൽ ക്ലീനർ ഇക്ബാൽ എന്നിവരാണ് ലോറിയിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഇരുവരും പുഴയിലേക്ക് ചാടി. പുഴയിൽ തങ്ങി കിടന്നിരുന്ന മുളങ്കൂട്ടത്തിനിടയിൽ കയറിയിരുന്ന ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാഗാലാന്റ് രജിസ്ട്രേഷനിലുള്ള ലോറിയിൽ ലോഡ് ഉണ്ടായിരുന്നില്ല.
അപകടത്തെ തുടർന്ന് ഇരു പാലങ്ങളിലും ഒരു മണിക്കൂറിൽ അധികം ഗതാഗതം തടസ്സപ്പെട്ടു. റെസ്ക്യൂ ഓഫീസർമാരായ അനീഷ്, സുജിത്ത് കെ ആർ, സ്റ്റേഷൻ ഓഫീസർ സി ഒ ജോയിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്
English summary
The container lorry overturned into the river from the Chalakudy river bridge