അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ 3 സമിതികൾക്കു കോൺഗ്രസ് രൂപം നൽകി

0

ന്യൂഡൽഹി ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ 3 സമിതികൾക്കു കോൺഗ്രസ് രൂപം നൽകി. ഉദയ്പുർ ചിന്തൻ ശിബിരത്തിലെ തീരുമാന പ്രകാരമാണ് രാഷ്ട്രീയകാര്യ സമിതി, 2024 തിരഞ്ഞെടുപ്പിനുള്ള കർമ സമിതി, ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ഭാരത പദയാത്രയുടെ ഏകോപന സമിതി എന്നിവയ്ക്കു രൂപം നൽകിയത്. യുപിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രിയങ്ക ഗാന്ധി, ദേശീയതലത്തിൽ പ്രവർത്തിക്കാനൊരുങ്ങുന്നതിന്റെ സൂചനയും സമിതി നൽകുന്നു. ജി 23 വിമത സംഘാംഗങ്ങളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരെയും വിവിധ സമിതികളിലുൾപ്പെടുത്തി.

സോണിയ അധ്യക്ഷയായ രാഷ്ട്രീയകാര്യ സമിതിയിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, ഗുലാം നബി ആസാദ്, അംബിക സോണി, ദിഗ്‌വിജയ് സിങ്, ആനന്ദ് ശർമ, കെ.സി.വേണുഗോപാൽ, ജിതേന്ദ്ര സിങ് എന്നിവരാണ് അംഗങ്ങൾ.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കർമ സമിതിയിൽ പി.ചിദംബരം, പ്രിയങ്ക ഗാന്ധി, മുകുൾ വാസ്നിക്, ജയറാം രമേശ്, കെ.സി.വേണുഗോപാൽ, അജയ് മാക്കൻ, രൺദീപ് സിങ് സുർജേവാല, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു എന്നിവരെ ഉൾപ്പെടുത്തി.

തിരഞ്ഞെടുപ്പ് ഏകോപനം, സംഘടനാ പ്രവർത്തനം, മാധ്യമ വിഭാഗം എന്നിങ്ങനെ വിവിധ ഉപസമിതികൾ ഓരോരുത്തരുടെയും നേതൃത്വത്തിൽ വൈകാതെ രൂപീകരിക്കും. തിരഞ്ഞെടുപ്പ് ഏകോപനത്തിന്റെ ചുമതല പ്രിയങ്കയ്ക്കു ലഭിക്കാനാണു സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here