Tuesday, November 30, 2021

കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത തീർഥാടനം ഉറപ്പുവരുത്തുമെന്ന് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു

Must Read

കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത തീർഥാടനം ഉറപ്പുവരുത്തുമെന്ന് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു കലക്ടർ.

അപ്പം, അരവണ, മറ്റു പ്രസാദങ്ങൾ എന്നിവയുടെ വിതരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. കുടിവെള്ള വിതരണത്തിനായി 25000ൽ അധികം ബോട്ടിലുകൾ ദിനംപ്രതി സജ്ജീകരിക്കുമെന്ന്‌ ശബരിമല എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യരും എക്സിക്യുട്ടീവ് എൻജിനിയർ അജിത് കുമാറും പറഞ്ഞു. ശബരിമല പാതയിൽ സെക്യൂരിറ്റി ക്യാമറയെ മറയ്ക്കും വിധം മരച്ചില്ലകൾ വീണ് കിടപ്പുണ്ടെന്നും ഇവ വനംവകുപ്പ് വെട്ടി മാറ്റി നൽകണമെന്നും നിലയ്ക്കൽ ബസ് ബേയിൽ തീർഥാടകർക്ക് കാത്തിരിപ്പ് സൗകര്യം കെഎസ്ആർടിസി സജ്ജമാക്കണമെന്നും ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് പശ്ചാത്തലംകൂടി കണക്കിലെടുത്ത് ആവശ്യമായ സജ്ജീകരണങ്ങൾ ക്രമീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എ എൽ ഷീജ, ഹോമിയോ ഡിഎംഒ ഡോ.ഡി ബിജുകുമാർ, ഡിഎംഒ ഐഎസ്എം ഡോ. ശ്രീകുമാർ എന്നിവർ പറഞ്ഞു. നിലയ്ക്കൽ ബേസ് ക്യാമ്പിൽ തീർഥാടകർക്ക് കോവിഡ് പരിശോധന നടത്തും. കൊതുക് നശീകരണത്തിനും പകർച്ചവ്യാധികൾ തടയുന്നതിനുമുള്ള മുൻകരുതലുകൾ സ്വീകരിക്കും.

കെഎസ്ടിപിയുടെ നേതൃത്വത്തിൽ മണ്ണാറക്കുളഞ്ഞി റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ സഞ്ചാരയോഗ്യമാക്കാൻ നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പല ഭാഷകളിൽ ദിശാ സൂചികകൾ സ്ഥാപിക്കണം. പമ്പ, സന്നിധാനം, നിലയ്ക്കൽ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിൽ അഗ്നിശമനസേന സേവനം ഉറപ്പുവരുത്തും.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി എത്തുന്ന വളന്റിയർമാരുടെ യാത്രാചെലവ് തുക വർധിപ്പിച്ച് നൽകുന്നത് പരിഗണിക്കണമെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം ജനറൽ സെക്രട്ടറി വേലായുധൻ നായർ പറഞ്ഞു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News