മദ്യസൽക്കാരത്തിനിടെ സ്നാക്സ് വിതരണത്തിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

0

തിരുവനന്തപുരം: മദ്യസൽക്കാരത്തിനിടെ സ്നാക്സ് വിതരണത്തിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ലോക്കൽ പൊലീസ് ഒതുക്കി തീർക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിന്റെ വീഴ്ച്ച സംബന്ധിച്ച് അന്വേഷിക്കാൻ കൊച്ചി റേഞ്ച് ഡിഐജിയെ ചുമതലപ്പെടുത്തി എന്നാണ് റിപ്പോർട്ട്. ആലുവ സിഐ. എൽ. അനിൽകുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് കൊച്ചി റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തെ ഫ്ലാറ്റിലാണ് 12കാരിയെ കൊണ്ട് മദ്യസൽക്കാരത്തിനിടെ സ്നാക്സ് വിതരണം നടത്തിയത്.

ആലുവ തോട്ടക്കാട്ടുകര ആൽത്തറ ജിസിഡിഎ റോഡിൽ സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിലെ താമസക്കാരനായ വേഴപ്പിള്ളി ജലീൽ എന്നയാളുടെ മകൻ ആദിലിന്റെ വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. 2020 ഡിസംബർ 14ന് ഫ്ളാറ്റിന്റെ റിക്രിയേഷൻ ഹാളിന്റെ മുകളിലത്തെ ടെറസിൽ ഫ്ളാറ്റ് ഉടമകളായ മുൻ പ്രസിഡന്റ് വർഗ്ഗീസ് മേനാച്ചേരി, മുൻ ട്രഷറർ കൃഷ്ണകുമാർ, മുൻ വൈസ് പ്രസിഡന്റ് ജയകൃഷ്ണൻ, ഇപ്പോഴത്തെ അസ്സോസിയേഷന്റെ സെക്രട്ടറി ഇ.എഫ്. ജോസഫ് എന്ന സന്തോഷ്, വാടകയ്ക്ക് താമസിക്കുന്നവരായ സുരേഷ് കുമാർ, എബി ജോസ്, എന്നിവർ സംഘം ചേർന്ന് മദ്യപിക്കുകയും ആ മദ്യപിക്കുന്ന സദസ്സിലേക്ക് താഴെ റിക്രിയേഷൻ ഹാളിൽ നിന്ന് 12 വയസ്സായ മകളെക്കൊണ്ട് സ്നാക്സ് വിളമ്പിച്ചതിനെതിരെയാണ് ഫ്ളാറ്റിലെ മറ്റൊരു താമസക്കാരൻ പരാതിപ്പെട്ടത്.

പരാതി വനിതാ ശിശുക്ഷേമ മന്ത്രിക്കും, എക്സൈസ് മന്ത്രിക്കും നൽകുകയുണ്ടായി. വനിതാ ശിശുക്ഷേമ മന്ത്രി പ്രസ്തുത പരാതി ബാലാവകാശ കമ്മീഷന് കൈമാറുകയും ബാലാവകാശ കമ്മീഷൻ ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും ആലുവ എസ്.എച്ച്.ഒ.യോടും പ്രസ്തുത വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷനോട് ശുപാർശ ചെയ്തു. എക്സൈസ് വകുപ്പ് മന്ത്രിക്ക് കൊടുത്ത പരാതി അന്വേഷണത്തിനായി എക്സൈസ് കമ്മീഷണർക്ക് കൈമാറി.

2020 ഡിസംബർ 14ന് വേഴപ്പിള്ളി ജലീലിന്റെ മകൻ ആദിലിന്റെ വിവാഹസൽക്കാരത്തോടനുബന്ധിച്ച് മദ്യസൽക്കാരം നടന്നതായും മകളുടെ വിഷയം പൊലീസിൽ പരാതിപ്പെടാനുമാണ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് പറയുന്നത്. എന്നാൽ, ആലുവ എസ്.എച്ച്.ഒ. പ്രതികളുമായി ഒത്തുചേർന്ന് അങ്ങനെയൊരു മദ്യപാനം നടന്നിട്ടില്ലായെന്നും ഏഴ് വർഷത്തോളം സെക്രട്ടറിയായിരുന്ന പരാതിക്കാരൻ ഇലക്ഷനിൽ തോറ്റ വൈരാഗ്യത്തിൽ നിന്നാണ് പരാതി ഉണ്ടായത് എന്നുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പരാതിക്കാരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒരു പരാതിക്കാരന്റെ ആവലാതി കേൾക്കാനുള്ള സാമാന്യ മര്യാദ പോലും സിഐ. കാണിച്ചില്ലായെന്നും മുൻവിധിയോട് കൂടിയാണ് അദ്ദേഹം പരാതിക്കാരനോട് സമീപിച്ചത് എന്നും പരാതിയിൽ പറയുന്നു.

2021 ജനുവരി 10ന് നടന്ന വാർഷിക ജനറൽ ബോഡിയിൽ സ്വമേധയാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതാണെന്നും ഐക്യകണ്ഠേനയാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത് എന്നും കള്ളമൊഴി പറഞ്ഞവർ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും തെളിവുകളോടെ പരാതിയിൽ പറയുന്നു. ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഫെഡറൽ ബാങ്ക് ജീവനക്കാരനായ ബ്ലോസം വീട്ടിൽ ശിവകുമാർ മകൻ അനിൽകുമാറിന്റെ മൊഴി ദുരൂഹമാണെന്നും അതിനെപ്പറ്റിയും അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു.
കുറ്റാരോപിതനായ ഇ.എഫ്. ജോസഫ് എന്ന സന്തോഷ് വിപഞ്ചിക ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിന്റെ മറവിൽ പണം പലിശക്ക് കൊടുത്ത കേസിൽ പ്രതിയാക്കപ്പെട്ടിട്ടുള്ളതും ആലുവ കോടതിയിൽ കുറ്റപത്രം നൽകിയിട്ടുള്ളതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here