റേഷൻ വിതരണ സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ പുതിയ സെർവർ സജ്ജീകരിക്കണമോ അതോ പഴയ സെർവറിന്റെ ശേഷി കൂട്ടണമോ എന്ന കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പിൽ തീരുമാനമായില്ല

0

തിരുവനന്തപുരം∙ റേഷൻ വിതരണ സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ പുതിയ സെർവർ സജ്ജീകരിക്കണമോ അതോ പഴയ സെർവറിന്റെ ശേഷി കൂട്ടണമോ എന്ന കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പിൽ തീരുമാനമായില്ല. കഴക്കൂട്ടം ടെക്നോപാർക്കിലെ ഡേറ്റ സെന്ററിൽ പുതിയ സെർവർ സജ്ജീകരിക്കാമെന്ന് ഐടി മിഷൻ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. വകുപ്പിന്റെ സ്വന്തം സെർവറിൽ നിന്ന് ആവശ്യമില്ലാത്ത ഫയലുകളും ഡേറ്റയും ഒഴിവാക്കി പുനഃക്രമീകരിച്ചപ്പോൾ തന്നെ വേഗം കൂടിയതായി ഐടി വിദഗ്ധർ വിലയിരുത്തി.

ഇപ്പോഴത്തെ സെർവറിനു ശേഷിക്കുറവ് ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പുതിയ സെർവർ സജ്ജീകരിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ സംവിധാനങ്ങളെല്ലാം ഡേറ്റ സെന്റർ വഴി വേണമെന്ന ഐടി മിഷന്റെ നിർദേശം നേരത്തേയുണ്ട്. ഇപോസ് സംവിധാനത്തിന്റെ ഡേറ്റയ്ക്കു പുറമേ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ നൽകുന്ന റേഷൻ കാർഡ് മാനേജ്മെന്റ് സംവിധാനവും (ആർസിഎംഎസ്) ഇപ്പോഴത്തെ സെർവറിലുണ്ട്. ഒരേസമയം 800 പേർക്കു വരെ റേഷൻ വിതരണം നടത്താനുള്ള ശേഷിയേ ഇതിനുള്ളൂ. അതിനാലാണ് അടിക്കടി തകരാർ സംഭവിക്കുന്നത്.

∙ സമയക്രമീകരണം ഫലം കണ്ടു

റേഷൻ കടകളുടെ പ്രവർത്തന സമയം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചതോടെ സെർവറിന്റെ ലോഡ് കുറഞ്ഞു. 2.29 ലക്ഷം പേർ ഇന്നലെ റേഷൻ വാങ്ങി. 8.30 മുതൽ 12 മണി വരെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി 1.66 ലക്ഷം പേരും 3.30 മുതൽ 6.30 വരെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 63,476 പേരും കടകളിൽ എത്തി.

∙ കട അടച്ചിട്ടാൽ നടപടി: മന്ത്രി അനിൽ

സർക്കാർ നിർദേശമില്ലാതെ കട അടച്ചിടുന്ന റേഷൻ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്നു മന്ത്രി ജി.ആർ.അനിൽ കണ്ണൂരിൽ പറഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പിന്റെ അനുമതിയില്ലാതെ റേഷൻ കട അടച്ചിടാൻ ആർക്കും അവകാശമില്ല. റേഷൻ ലൈസൻസികളിൽ ചിലരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു കെണിയിൽ വീഴ്ത്തിയിട്ടുണ്ട്. ഇതു വ്യാപാരികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റേഷൻ വിതരണത്തിലെ പ്രശ്നം പെട്ടെന്നു പരിഹരിച്ചു.

Leave a Reply