Thursday, September 23, 2021

കാൽനൂറ്റാണ്ടായി കുടിയിറക്ക് ഭീഷണിയുടെ വക്കിലാണ് നഗരത്തോട്‌ ചേർന്നുള്ള ഇ.ആർ.ജി. കോളനിയിലെ 26 കുടുംബങ്ങൾ

Must Read

കാൽനൂറ്റാണ്ടായി കുടിയിറക്ക് ഭീഷണിയുടെ വക്കിലാണ് നഗരത്തോട്‌ ചേർന്നുള്ള ഇ.ആർ.ജി. കോളനിയിലെ 26 കുടുംബങ്ങൾ. ഹൈക്കോടതിയുടെ പിന്നിൽ മത്തായി മാഞ്ഞൂരാൻ റോഡിന് സമീപത്ത് 45 വർഷമായി താമസിക്കുന്ന ഇവർക്ക് കുടിയിറക്ക് ഭീഷണിയൊഴിഞ്ഞ സമയമില്ല. ഇപ്പോൾ ഹിയറിങ്ങിന് ഹാജരാകാൻ കോളനിക്കാർക്ക് റെയിൽവേ നോട്ടീസ് നൽകിയതോടെയാണ് വീണ്ടുമൊരു കുടിയിറക്ക് ഭീഷണിയുടെ നിഴൽ കോളനിക്കു മുകളിൽ വീണത്. 15-ന് ഹിയറിങ്ങിന് ഹാജരാകാനാണ് റെയിൽവേ ഡിവിഷൻ മാനേജർ ആവശ്യപ്പെട്ടിരിക്കുന്നത്.

റെയിൽവേ നോട്ടീസ് ലഭിച്ചതിന്റെ പിന്നാലെ കോളനി നിവാസികൾക്ക് പിന്തുണയുമായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ഓൾഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള കോളനിഭൂമിയിൽ നിർമാണപ്രവർത്തനം നടത്താൻ റെയിൽവേ ആദ്യം നീക്കം നടത്തിയത് 26-വർഷം മുമ്പാണ്. അതിനെതിരേ കോളനി നിവാസികൾ അന്ന് രംഗത്തു വന്നു.

ഹൈക്കോടതിയിൽ 26 കുടുംബങ്ങൾ സമർപ്പിച്ച അപേക്ഷപ്രകാരം 2002 ജനുവരി മാസം ജസ്റ്റിസ് ജെ.ബി. കോശി പുറപ്പെടുവിച്ച വിധിയിൽ ഇവർക്ക് പുനരധിവാസം നഗരസഭ ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. 45 വർഷത്തോളമായി കോളനിയിൽ താമസിക്കുന്ന ഇവർക്ക് വീട്ടുനമ്പരും വൈദ്യുതി കണക്ഷനും റേഷൻ കാർഡുമുണ്ട്. പുനരധിവാസം നടത്താതെ കുടിയൊഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കോളനി നിവാസികൾ കുടിയൊഴിപ്പിക്കൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പലവട്ടം സമരമുഖത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളെത്തുടർന്ന് റെയിൽവേയുടെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കാനുള്ള നീക്കം അന്ന് നിർത്തിവെക്കുകയായിരുന്നു.

പാതി വഴിയിൽ നിലച്ച് പുനരധിവാസ ചർച്ചകൾ

പലവട്ടം ചർച്ചകളിൽ വന്നെങ്കിലും എങ്ങുമെത്താതെ പോവുകയാണ് ഇവിടത്തുകാരുടെ പുനരധിവാസ പ്രശ്നം. കോർപ്പറേഷൻ നൽകുന്ന പുനരധിവാസ തുക കൊണ്ട് നഗരത്തിൽ വാസസ്ഥലം കണ്ടെത്തുക പ്രായോഗികമല്ല. പലരും നഗരത്തിൽ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവരാണ്. 45 വർഷമായി താമസിക്കുന്ന ഇടംവിട്ടുപോവാനുള്ള ബുദ്ധിമുട്ട് വേറെയും. സ്ഥലം കണ്ടെത്തലിന്റെ നൂലാമാലകളിൽ കുടുങ്ങിയാണ് പുനരധിവാസം എങ്ങുമെത്താതെ പോയത്.

പരിസ്ഥിതിയെയും പരിഗണിക്കണം

വനംവകുപ്പിന്റെ കീഴിലുള്ള സംരക്ഷിത പ്രദേശമായ ‘മംഗളവന’ത്തിന് സമീപമാണ് ഇ.ആർ.ജി. കോളനി. നഗരപ്രദേശത്ത് സ്ഥിതിചെയ്യുന്ന അപൂർവ പക്ഷിസങ്കേതമാണ് മംഗളവനം. പരിസ്ഥിതിയെയും മനുഷ്യനെയും തകർത്തുകൊണ്ടുള്ള ഒരു വികസന പ്രവർത്തനങ്ങൾക്കും ഭരണകൂടം തയാറാവരുതെന്നും മൂലമ്പിള്ളിയുടെ നിഴലിൽ നിൽക്കുന്ന നഗരമെന്ന നിലയിൽ ഇ.ആർ.ജി. നിവാസികൾ പുനരധിവാസത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കും പിന്തുണ അർഹിക്കുന്നുണ്ടെന്നുമാണ് കുടിയൊഴിപ്പിക്കൽ വിരുദ്ധ സമിതി പറയുന്നത്.

മുഖ്യമന്ത്രിക്ക് കത്ത് നൽകി

കോളനിക്കാരെ കുടിയിറക്കാനുള്ള റയിൽവേയുടെ നീക്കം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഹൈബി ഈഡൻ എം.പി.യും ടി.ജെ. വിനോദ് എം.എൽ.എ.യും പറഞ്ഞു. പുനരധിവാസം ഉറപ്പാക്കാതെ കോളനി നിവാസികളെ ഒഴിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇരുവരും അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപടണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. വിനോദ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സതേൺ റയിൽവേ ജനറൽ മാനേജരുമായും റയിൽവേ ഡിവിഷണൽ മാനേജരുമായും ആശയവിനിമയം നടത്തുമെന്ന് ഹൈബി ഈഡനും അറിയിച്ചിട്ടുണ്ട്

Leave a Reply

Latest News

ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്

ന്യൂഡല്‍ഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ്...

More News