ചെക്പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളിൽ നീക്കാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശം നൽകി

0

തിരുവനന്തപുരം ∙ ചെക്പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളിൽ നീക്കാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. വ്യാവസായിക മുന്നേറ്റത്തിനുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ എക്സൈസ്, ഗതാഗത വകുപ്പ് പ്രതിനിധികളാണ് പങ്കെടുത്തത്. ജിഎസ്ടി വന്നതോടെ വിൽപന നികുതി ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയിരുന്നു.

മോട്ടർ വാഹന വകുപ്പിനായി ഇ– ചെക്പോസ്റ്റ് സോഫ്റ്റ്‌വെയർ തയാറാക്കിയിട്ടുണ്ട്. കേരളത്തിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങൾക്ക് പെർമിറ്റ് പരിവാഹൻ സോഫ്റ്റ്‌വെയറിൽ നിന്ന് ഓൺലൈനായി ലഭിക്കും. ഓൺലൈൻ വഴി നികുതിയും അടയ്ക്കാം. ഇവ രണ്ടും ഓൺലൈൻ ആയതോടെ ചെക്പോസ്റ്റുകൾ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. തമിഴ്നാട് കൂടി നിർത്തലാക്കാതെ കേരളം മാത്രമായി ചെയ്തിട്ട് കാര്യമില്ലെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇക്കാര്യത്തിൽ ധാരണയിലെത്താൻ ദക്ഷിണേന്ത്യൻ ഗതാഗത മന്ത്രിമാരുടെ യോഗം ഉടൻ ചേരും.

എല്ലാ സേവനങ്ങളും ഓൺലൈനായിട്ടും കൈക്കൂലി കേന്ദ്രങ്ങളായി ചെക്പോസ്റ്റുകൾ തുടരുകയാണെന്നാണ് ആക്ഷേപം. വർഷം 70 കോടിയാണ് മോട്ടർവാഹന ചെക്പോസ്റ്റുകളിൽ നിന്നുള്ള വരുമാനം. എന്നാൽ 200 കോടിയിലേറെ വരുമാനം വരേണ്ടപ്പോഴാണ് കൈക്കൂലി വാങ്ങി സർക്കാരിലേക്ക് ചെറിയ തുകയടപ്പിച്ച് വാഹനങ്ങൾ കടത്തിവിടുന്നുവെന്നാണ് ആരോപണം.

Leave a Reply