തൊടുപുഴ: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമിതികളുടെ അധ്യക്ഷന്മാരെ ഈമാസം 28നും 30നുമായി തെരഞ്ഞെടുക്കും. മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് തെരഞ്ഞെടുപ്പ് 28ന് രാവിലെ 11നും വൈസ് ചെയര്മാന് െതരഞ്ഞെടുപ്പ് അന്നുതന്നെ ഉച്ചക്കുശേഷം രണ്ടിനും നടത്തും. ഗ്രാമപഞ്ചായത്ത്- ബ്ലോക്ക്- ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരെ 30ന് രാവിലെ 11നും വൈസ് പ്രസിഡൻറുമാരെ ഉച്ചക്കുശേഷം രണ്ടിനും തെരഞ്ഞെടുക്കും. അധ്യക്ഷന്‍, ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നോട്ടീസ് കുറഞ്ഞത് മൂന്ന് പൂര്ണദിവസങ്ങള്ക്കുമുമ്പ് നല്‍കും. ഇതില്‍ ഞായറാഴ്ചയും അവധി ദിവസങ്ങളും ഉള്‍പ്പെടും. ഗ്രാമ-ബ്ലോക്ക്- ജില്ല പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് വരണാധികാരിയായി അതത് പഞ്ചായത്തുകളിലെ വരണാധികാരികളെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ചുമതലപ്പെടുത്തിയിട്ടുള്ളത്. വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും ഹാജരായില്ലെങ്കില്‍ യോഗം തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്നതിനായി മാറ്റിവെക്കും. ക്വാറം നോക്കാതെയാകും തുടർന്നുള്ള തെരഞ്ഞെടുപ്പ്. അധ്യക്ഷൻ- ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് ഓപണ്ബാലറ്റ് മുഖാന്തരമാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ചെയര്മാന്, വൈസ് ചെയര്മാന് എന്നീ സ്ഥാനങ്ങളില്‍ സംവരണം ചെയ്തിട്ടുണ്ടെങ്കില്‍ അതത് വിഭാഗത്തിലെ അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. തെരഞ്ഞെടുപ്പ് ഫലംപ്രഖ്യാപിച്ചു കഴിഞ്ഞാലുടന്‍ ചെയര്മാന്, പ്രസിഡൻറ് എന്നിവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ മുമ്പാകെയും വൈസ് ചെയര്മാന് ചെയര്മാന് മുമ്പാകെയും വൈസ് പ്രസിഡൻറ് പ്രസിഡൻറ് മുമ്പാകെയും സത്യപ്രതിജ്ഞയോ/ദൃഢപ്രതിജ്ഞയോ ചെയ്യും. തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.
English summary
The chairpersons of the committees elected to the local bodies will be elected on the 28th and 30th of this month