തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും. കാറ്റ് കന്യാകുമാരിയിൽ നിന്നു തിരുവനന്തപുരത്തിന്റെ തീരപ്രദേശം വഴി അറബിക്കടലിലേക്കു കടക്കുമെന്നായിരുന്നു നേരത്തേ വിലയിരുത്തൽ.
ഗതി കൂടുതൽ വടക്കോട്ടു മാറി തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ വരുമെന്ന് ഇന്നലെ വൈകിട്ടോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 4 തെക്കൻ ജില്ലകളിൽ നാളെ 70 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റിന്റെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് (അതിതീവ്രമഴ); ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ); തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യെലോ അലർട്ട്. കേരളതീരത്ത് കടൽ പ്രക്ഷുബ്ധമാകും. ഉയർന്ന തിരമാലകൾക്കും താഴ്ന്നയിടങ്ങളിൽ കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനം പൂർണമായി നിരോധിച്ചു
English summary
The Central Meteorological Department said that the whole of South Kerala will be subject to winds. Winds of up to 70 kmph are expected in 4 southern districts tomorrow