ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പ തിരിച്ചടവിന് നൽകിയ 6 മാസത്തെ മൊറട്ടോറിയം വേണ്ടെന്നുവച്ചവർക്കു നിശ്ചിത തുക കേന്ദ്ര സർക്കാർ നൽകും. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആ തുകയാണ് ഇടപാടുകാർക്ക് നൽകുക.
ഭവന നിർമാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാർഡ്, വാഹനം, എംഎസ്എംഇ, വീട്ടുപകരണങ്ങൾ തുടങ്ങി 8 വിഭാഗങ്ങളിൽ വായ്പയെടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക.
ഉദാഹരണത്തിന് 50 ലക്ഷം രൂപയുടെ ഭവന വായ്പ 8% പലിശ നിരക്കിലെടുത്തയാൾക്കു 12,425 രൂപ ലഭിക്കും. വായ്പയെടുത്തയാളുടെ അക്കൗണ്ടിലാണു പണം ലഭിക്കുക.
ബാങ്ക് വായ്പയെടുത്തവർ കോവിഡ് കാരണം പ്രതിസന്ധിയിലാണെന്നും പലിശയിളവ് ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ ഉടൻ പരിഗണിക്കണമെന്നുമുള്ള സുപ്രീം കോടതി നിർദേശപ്രകാരമാണു കേന്ദ്രസർക്കാരിന്റെ നടപടി.
2 കോടി രൂപവരെ വായ്പയെടുത്ത ലക്ഷക്കണക്കിന് ആളുകൾക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൊറട്ടോറിയം പ്രയോജനപ്പെടുത്താതെ വായ്പ തിരിച്ചടവു തുടർന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
കഴിഞ്ഞ മാർച്ച് 1 മുതൽ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലാണു പദ്ധതി ബാധകം.
വായ്പ തിരിച്ചടവു മൊറട്ടോറിയം പ്രയോജനപ്പെടുത്തിയവർക്കു ലഭിച്ച ആനുകൂല്യം അല്ലാത്തവർക്കും ലഭ്യമാക്കുകയാണു ലക്ഷ്യം.
വായ്പയെടുത്തവർക്ക് ഇത്തരത്തിൽ നൽകുന്ന തുക കേന്ദ്ര സർക്കാർ ബാങ്കുകൾക്കു മടക്കിനൽകും. ഏകദേശം 6500 കോടി രൂപ കേന്ദ്ര സർക്കാർ പദ്ധതിക്കു വേണ്ടി ചെലവഴിക്കേണ്ടിവരുമെന്നാണു സൂചന.
കേന്ദ്ര സർക്കാരിൽ നിന്നു തുക മടക്കിക്കിട്ടാൻ നോഡൽ ഏജൻസിയായ എസ്ബിഐ വഴിയാണ് ബാങ്കുകൾ അപേക്ഷ നൽകേണ്ടത്. ഡിസംബർ 15വരെയാണു ബാങ്കുകൾക്ക് അപേക്ഷിക്കാൻ സമയം നൽകുക.
English summary
The Central Government will provide a fixed amount to those who default on the 6-month moratorium on bank loan repayments