വിദേശത്തേക്കു പോകുന്നവര്‍ക്ക്‌ കോവിഡ്‌ ബൂസ്‌റ്റര്‍ ഡോസിനുള്ള 9 മാസ കാലാവധിയില്‍ ഇളവ്‌ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: വിദേശത്തേക്കു പോകുന്നവര്‍ക്ക്‌ കോവിഡ്‌ ബൂസ്‌റ്റര്‍ ഡോസിനുള്ള 9 മാസ കാലാവധിയില്‍ ഇളവ്‌ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഇതിനായി നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി. യാത്രക്കാര്‍ ഏതു രാജ്യത്തേക്കാണോ പോകുന്നത്‌ അവിടത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ നിശ്‌ചിത ഒമ്പത്‌ മാസത്തെ കാത്തിരിപ്പ്‌ കാലയളവിനു മുമ്പ്‌ മുന്‍കരുതല്‍ ഡോസ്‌ എടുക്കാന്‍ കഴിയും.
ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശത്തേക്കു യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും പോകേണ്ടുന്ന രാജ്യത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ആവശ്യമായ മുന്‍കരുതല്‍ ഡോസ്‌ എടുക്കാമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ്‌ മാണ്ഡവ്യ ട്വീറ്റ്‌ ചെയ്‌തു. അതിനായുള്ള സൗകര്യം കോവിന്‍ പോര്‍ട്ടലില്‍ ഉടന്‍ ലഭ്യമാകുമെന്നും ട്വീറ്റിലുണ്ട്‌.
നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ്‌ ഓണ്‍ ഇമ്യൂണൈസേഷന്റെ (എന്‍.ടി.എ.ജി.ഐ) ശിപാര്‍ശയ്‌ക്കു ശേഷമാണ്‌ വിദേശ യാത്രക്കാര്‍ക്കുള്ള മുന്‍കരുതല്‍ ഡോസിന്റെ ചട്ടം ലഘൂകരിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
വിദേശത്തേക്കു യാത്രചെയ്യുന്ന പൗരന്‍മാര്‍ക്ക്‌ കോവിഡ്‌ പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ്‌ സ്വീകരിച്ച്‌ ഒമ്പതു മാസം തികയുന്നതിനു മുമ്പേ ബൂസ്‌റ്റര്‍ ഡോസ്‌ എടുക്കാമെന്നാണു എന്‍.ടി.എ.ടി.ഐ. ശിപാര്‍ശ കഴിഞ്ഞദിവസം ചെയ്‌തത്‌. ഏതു രാജ്യത്തേക്കാണോ പോകുന്നത്‌ ആ രാജ്യത്തിന്റെ വാക്‌സിന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണു ബൂസ്‌റ്റര്‍ ഡോസ്‌ സ്വീകരിക്കേണ്ടത്‌. എന്നാല്‍, മറ്റു പൗരന്‍മാരുടെ കാര്യത്തില്‍ ഒമ്പതു മാസം കാത്തിരിപ്പ്‌ കാലാവധിയില്‍ ഇളവ്‌ അനുവദിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here