ന്യൂഡല്‍ഹി: ഏതുരാജ്യത്തുനിന്നും ഇന്ത്യയിലേക്ക് എത്തുന്ന വിമാനയാത്രക്കാര്‍ കോവിഡ് പോസിറ്റാവുകയാണെങ്കിലും ഇനി മുതല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്കു നിര്‍ബന്ധിതമായി മാറേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍. പക്ഷേ, കോവിഡ് മാനദണ്ഡപ്രകാരം വീട്ടില്‍ ക്വാറന്റൈന് ഇരിക്കേണ്ടിവരും. രാജാ്യന്തരയാത്രക്കാര്ക്കുള്ള ഈ പുതുക്കിയ മാനദണ്ഡങ്ങള്‍ ഇന്നലെ നിലവില്‍വന്നു.
വിദേശരാജ്യങ്ങളില്‍ വരുന്നവര്‍ കോവിഡ് പോസീറ്റാവാകുന്ന പക്ഷം ഏഴുദിവസം ഹോം ക്വാറന്റൈനില്‍ ഇരിക്കണമെന്നും(ഇടയ്ക്കു നെഗറ്റീവായാല്‍ പോലും) ഇന്ത്യയിയെത്തിയതിന്റെ എട്ടാംദിവസം ആര്.ടി.പി.സി.ആര്. പരിശോധന നടത്തണമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.
നേരത്തേ റിസ്ക് രാജ്യങ്ങള്‍ ആയി കരുതുന്നവ ഉള്‍പ്പെടെ ഏതുരാജ്യത്തുനിന്നുനിന്നു വരുന്ന യാത്രക്കാരായാലും പോസിറ്റാവാകുമ്പോള് ഐസലേഷന്‍ കേന്ദ്രത്തിലാക്കുകയും പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കുകയുമായിരുന്നു.
പുതുക്കിയ മാനദണ്ഡത്തില്‍ നിര്‍ബന്ധമായും ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന നിബന്ധന ഒഴിവാക്കി. എങ്കിലും പരിശോധനയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തുന്ന യാത്രക്കാരെ ഉടനടി ഐസൊലേറ്റ് ചെയ്തു മെഡിക്കല്‍ കേന്ദ്രത്തിലേക്കു മാറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.