പെരിയ(കാസർഗോഡ്): പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തി. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സിബിഐ സംഘം ഉച്ചയോടെയാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിലെത്തി പരിശോധന നടത്തിയത്.
പ്രതികളുടേതെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ കണ്ടെടുത്ത സ്ഥലങ്ങളിലും സിബിഐ പരിശോധന നടത്തി. രണ്ടാഴ്ച മുമ്പ് സിപിഎം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസിലും സിബിഐ പരിശോധന നടത്തിയിരുന്നു.
സംഭവം നടന്ന 2019 ഫെബ്രുവരി 17 ന് ഇവിടെ ബ്രാഞ്ച് കമ്മിറ്റി യോഗം നടന്നിരുന്നതായും നിലവില്‍ കേസിലെ ഒന്നാംപ്രതിയായ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന് യോഗത്തില്‍ പങ്കെടുത്തിരുന്നതായും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ യോഗത്തിന്റെ മിനുട്സ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ആറിന് യോഗം കഴിഞ്ഞതിനുശേഷം പീതാംബരന് ഇവിടെവച്ച് മറ്റു ചിലരുമായി സംസാരിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു.
കൊലപാതകം നടന്ന ദിവസം പീതാംബരനും സംഘവും ഏച്ചിലടുക്കത്തെ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍വച്ച് ഗൂഢാലോചന നടത്തിയതായി ലോക്കല്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. രാത്രി ഏഴരയോടെയാണ് ഈ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്ററോളം അകലെ കല്യോട്ട്-കൂരാങ്കര റോഡില്‍വച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
English summary
The CBI team investigating the Periya double murder case raided the office of the Branch Committee near the CPM hut