സ്കൂളിലെ ഉച്ചഭക്ഷണ ശാലയിൽ കൊമ്പന്റെ ജഡം; ഇഷ്ടികയും കരിങ്കല്ലും ശരീരത്തിൽ പതിച്ച നിലയിൽ

0

വാൽപാറ: സ്കൂളിലെ ഉച്ചഭക്ഷണ ശാലയിൽ ഏഴു വയസു പ്രായം തോന്നിക്കുന്ന കൊമ്പന്റെ ജഡം കണ്ടെത്തി. വാൽപാറയോട് ചേർന്നുള്ള ഹൈ ഫോറസ്റ്റ് എസ്റ്റേറ്റിൽ കഴിഞ്ഞ നാല് വർഷങ്ങളായി ഉപയോഗപ്പെടുത്താതെ കിടന്ന സ്‌കൂളിനോട് ചേർന്നുള്ള ഉച്ച ഭക്ഷണ കേന്ദ്രത്തിലാണ് കാട്ടാനയുടെ ജഡം ജീർണിച്ച നിലയിൽ കണ്ടെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ബൂത്ത് സൗകര്യം പരിശോധിക്കുന്നതിനിടെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തുന്നത്. ഉദ്യോഗസ്ഥർ മാനാമ്പള്ളി റേഞ്ച് വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് റേഞ്ച് ഓഫീസർ മണികണ്ഠനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സ്കൂളും അനുബന്ധ കെട്ടിടവും. ഉച്ചഭക്ഷണ കേന്ദ്രത്തിനകത്ത് കടന്ന കാട്ടാനയ്ക്കു പുറത്തേക്ക് വരാൻ കഴിയാത്ത പ്രതിസന്ധിയുണ്ടായെന്നാണ് വിലയിരുത്തൽ. ആനയുടെ ആക്രമണം കാരണം പഴക്കം ചെന്ന കെട്ടിടം തകർന്നെന്നും അതിനുള്ളിൽപ്പെട്ടാണ് അപകടമെന്നാണ് നിഗമനം. ഇഷ്ടികയും കരിങ്കല്ലും ഉൾപ്പെടെ ശരീരത്തിൽ പതിച്ച നിലയിലായിരുന്നുവെന്ന് വനപാലകർ വ്യക്തമാക്കി. ജഡം കണ്ടെത്തിയ സ്ഥലത്ത് തന്നെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. മറ്റ് മൃഗങ്ങൾക്ക് ഭക്ഷണമാക്കുന്നതിനായി ആനയുടെ ജഡം വനത്തിനുള്ളിലേക്ക് മാറ്റി.

Leave a Reply