അറാർ (സൗദി അറേബ്യ): കഴിഞ്ഞ ദിവസം വടക്കൻ സൗദിയിലെ അറാര് പ്രദേശത്ത് മരണപ്പെട്ട കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി പരേതനായ കൊത്തൂർ ലോഹിദാക്ഷൻ മകൻ കൊത്തൂർ ജെറീഷ് (38) ന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തികരിച്ച് അറാർ പ്രവാസി സംഘം നാട്ടിലെത്തിച്ചു. ചൊവാഴ്ച രാത്രി 11 മണിക്ക് കരിപ്പൂർ വിമാന താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും ബുധനാഴ്ച രാവിലെ 9 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തതായി അർഅർ പ്രവാസി സംഘം പ്രവർത്തകൻ സകീർ താമരത്ത് അറിയിച്ചു.
രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് അറാറിലെ പ്രിൻസ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജെറീഷ് മരണപ്പെട്ടത്. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ച പ്രകാരം അവയവങ്ങൾ ദാനം ചെയ്താണ് ജെറീഷ് യാത്രയായത്.
അവിവാഹിതനാണ് മരണപ്പെട്ട ജെറീഷ്. അമ്മ: സ്രാമ്പിക്കൽ ശൈലജ. സഹോദരിമാർ: സ്മീലു അനിൽകുമാർ, സിംല ഷൈജു. ഇദ്ദേഹത്തിന് ബന്ധുക്കളായി ആരുംതന്നെ അർഅറിൽ ഇല്ലാതിരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി ബന്ധുക്കൾ അർഅർ പ്രവാസി സംഘത്തോട് ആവശ്യപ്പെട്ടതുപ്രകാരം സംഘടന ഉദ്യമം വിജയകരമായി പൂർത്തിയാകുകയായിരുന്നു.
സംഘടനയുടെ രക്ഷാധികാരി സമിതി അംഗം അയ്യൂബ് തിരുവല്ലയുടെ പേരിൽ നാട്ടിൽ നിന്ന് ബന്ധുക്കൾ പവർ ഓഫ് അറ്റോണി അയച്ചു കൊടുക്കുകയും അയ്യൂബ് തിരുവല്ല, മൊയ്തുണ്ണി വടക്കാഞ്ചേരി, ബക്കർ കരിമ്പ എന്നിവരുടെ നേതൃത്വത്തിൽ സംഘം പ്രവർത്തകരാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയുമായിരുന്നു.
പ്രിൻസ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങി വിമാനത്താവളത്തിൽ എത്തിക്കുന്നതിന് സംഘടനയുടെ പ്രവർത്തകരായ സഹദേവൻ കൂറ്റനാട്, ബിനോയ്, റഷീദ് പരിയാരം, അനു ജോൺ, ഫ്രാൻസിസ്, ഇല്യാസ്, സന്തോഷ്, സൈനുദ്ദീൻ എന്നിവർ രംഗത്തുണ്ടായിരുന്നു.
English summary
The body of Kothur Jerish (38), son of the late Kothur Lohidakshan, a native of Kozhikode Eranjikal, has been repatriated by the Arar Pravasi Sangham.