Home Kerala മൂന്നു മാസം മുമ്പ്‌ കാണാതായ തമിഴ്‌നാട്‌ സ്വദേശിയുടെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി

മൂന്നു മാസം മുമ്പ്‌ കാണാതായ തമിഴ്‌നാട്‌ സ്വദേശിയുടെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി

0

ഹരിപ്പാട്‌: മൂന്നു മാസം മുമ്പ്‌ കാണാതായ തമിഴ്‌നാട്‌ സ്വദേശിയുടെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി. കന്യാകുമാരി കുമാരപുരം മുട്ടക്കാട്‌ വലിയപറമ്പില്‍ ടി. സേവ്യറി(34)ന്റെ മൃതദേഹമാണ്‌ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്‌.
കാര്‍ത്തികപ്പള്ളി വലിയകുളങ്ങര ദേവീക്ഷേത്രത്തിന്‌ വടക്കുവശം അഞ്ചാം വാര്‍ഡില്‍ ചതുപ്പ്‌ നിലത്തില്‍ ഇന്നലെ ഉച്ചയോടെയാണ്‌ മൃതദേഹം കണ്ടത്‌. സമീപത്ത്‌ നിര്‍മിക്കുന്ന വീടിന്റെ പണിക്കെത്തിയ സേവ്യര്‍ ഇവിടെത്തന്നെയാണു താമസിച്ചിരുന്നത്‌.
കഴിഞ്ഞ ഒക്‌ടോബര്‍ 14 നാണ്‌ സേവ്യറെ കാണാതായത്‌. സേവ്യറും മറ്റൊരു തൊഴിലാളിയായ സജിത്തും രാത്രി പുറത്തുപോയി ഭക്ഷണം കഴിച്ച്‌ മടങ്ങി വന്ന ശേഷം രാത്രിയോടെയാണ്‌ ഇയാളെ കാണാതായത്‌. തുടര്‍ന്ന്‌ വീടിന്റെ നിര്‍മാണക്കരാറുകാരന്‍ ലോറന്‍സും സേവ്യറിന്റെ ബന്ധുക്കളും തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസത്തിനു ശേഷവും വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ഇയാളുടെ അമ്മ ലീല, ഭാര്യ സുജ, മക്കള്‍ തുടങ്ങിയവര്‍ സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കായംകുളം ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കാണാതായ ദിവസം മുതല്‍ തന്നെ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്‌ത നിലയിലായിരുന്നു. ഇന്നലെ മത്സ്യകൃഷിക്കായി ഉടമസ്‌ഥന്‍ ചതുപ്പുനിലം ജെ.സി.ബി ഉപയോഗിച്ച്‌ വൃത്തിയാക്കുമ്പോഴാണ്‌ മൃതദേഹം കണ്ടത്‌. പൂര്‍ണമായും അഴുകിയ മൃതദേഹത്തിലെ ഷര്‍ട്ടും ധരിച്ചിരുന്ന കൊന്തയും കണ്ടാണ്‌ ബന്ധുക്കളും മറ്റു തൊഴിലാളികളും ആളെ തിരിച്ചറിഞ്ഞത്‌. ശാസ്‌ത്രീയ പരിശോധന അടിസ്‌ഥാനത്തില്‍ മാത്രമേ മരിച്ചതാരെന്ന്‌ ഔദ്യോഗിക സ്‌ഥിരീകരണം നല്‍കാനാകൂവെന്ന്‌ പോലീസ്‌ അറിയിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍.

NO COMMENTS

Leave a Reply