ജില്ലയ്‌ക്ക്‌ എയിംസ്‌ വേണമെന്ന ആവശ്യമുയര്‍ത്തി എന്‍ഡോസള്‍ഫാന്‍ ഇരയായ ഒന്നര വയസുകാരിയുടെ മൃതദേഹം സമരപ്പന്തലിലെത്തിച്ച്‌ പ്രതിഷേധം

0

കാസര്‍ഗോഡ്‌: ജില്ലയ്‌ക്ക്‌ എയിംസ്‌ വേണമെന്ന ആവശ്യമുയര്‍ത്തി എന്‍ഡോസള്‍ഫാന്‍ ഇരയായ ഒന്നര വയസുകാരിയുടെ മൃതദേഹം സമരപ്പന്തലിലെത്തിച്ച്‌ പ്രതിഷേധം. കുമ്പടാജെ പഞ്ചായത്തിലെ പെരിഞ്ചയിലുള്ള മൊഗേര്‍ ആദിവാസി കോളനിയില്‍ മോഹനന്‍-ഉഷ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞായ ഹര്‍ഷിതയുടെ മൃതദേഹമാണ്‌ കാസര്‍ഗോഡ്‌ പുതിയ ബസ്‌ സ്‌റ്റാന്‍ഡിനു സമീപത്തുള്ള സമരപ്പന്തലില്‍ എത്തിച്ചത്‌.
ഹര്‍ഷിതയ്‌ക്കു മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാസര്‍ഗോഡിന്‌ എയിംസ്‌ വേണമെന്നുമാണ്‌ ആവശ്യം. സാമൂഹികപ്രവര്‍ത്തക ദയാ ബായി ആണ്‌ ഇന്നലെ സമരം ഉദ്‌ഘാടനം ചെയ്‌തത്‌.
കഴിഞ്ഞദിവസം കോഴിക്കോട്‌ മെഡിക്കല്‍ കോളജിലായിരുന്നു ഹര്‍ഷിതയുടെ മരണം. ജനിച്ചപ്പോഴേ തല വലുതായിരുന്നു. ശരീരത്തിനു പിന്നില്‍ മുഴയുമുണ്ടായിരുന്നു. ചലനശേഷിയും സംസാരശേഷിയും ഉണ്ടായിരുന്നില്ല. പിറന്നുവീണശേഷം ആശുപത്രികളിലായിരുന്നു ഏറെസമയവും ഹര്‍ഷിത. കഴിഞ്ഞദിവസം രാവിലെ അബോധാവസ്‌ഥയിലായ കുട്ടിയെ ആദ്യം കാസര്‍ഗോഡ്‌ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന്‌ വിദഗ്‌ധ ചികില്‍സയ്‌ക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മോഹനന്‍-ഉഷ ദമ്പതികളുടെ ആദ്യ രണ്ടു കുഞ്ഞുങ്ങള്‍ക്കും സംസാരവൈകല്യമുണ്ട്‌.
ഡിസംബര്‍ അവസാനവാരവും എന്‍ഡോസള്‍ഫാന്‍ഇരകളായി കാസര്‍ഗോഡ്‌ രണ്ട്‌ കുട്ടികള്‍ മരിച്ചിരുന്നു. അമ്പലത്തറ മുക്കുഴിയിലെ ദളിത്‌ കുടുംബാംഗം മനു- സുമിത്ര ദമ്പതികളുടെ മകള്‍ അമേയ(5)യും കാഞ്ഞങ്ങാട്‌ അജാനൂരിലെ മൊയ്‌തുവിന്റെയും മിസ്രിയയുടെയും മകന്‍ മുഹമ്മദ്‌ ഇസ്‌മായിലു(11)മാണു മരിച്ചത്‌.

Leave a Reply