യു.പിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്ന 127 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബി.ജെ.പി

0

ലക്‌നൗ: യു.പിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്ന 127 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബി.ജെ.പി.
മൂന്നു ദിവസത്തിനിടെ മൂന്നു മന്ത്രിമാരടക്കം എട്ട്‌ നിയമസഭാ സാമാജികര്‍ ബി.ജെ.പി. വിട്ട്‌ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്‌ പാര്‍ട്ടിക്ക്‌ ഞെട്ടലായിരുന്നു. എന്നാല്‍, ഈ ആഘാതമൊക്കെ മറികടന്നാണ്‌ സ്‌ഥാനാര്‍ഥി പ്രഖ്യാപനം.
മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്‌ അയോധ്യയില്‍നിന്നു മല്‍സരിക്കുമെന്നാണ്‌ വിവരം. ഉപമുഖ്യമന്ത്രിമാരായ കേശവ്‌ പ്രസാദ്‌ മൗര്യ, ദിനേഷ്‌ ശര്‍മ, സംസ്‌ഥാന ബി.ജെ.പി. അധ്യക്ഷന്‍ സ്വതന്ത്ര ദേവ്‌ സിങ്‌ എന്നിവരെല്ലാം അങ്കത്തട്ടില്‍ ഇറങ്ങുമെന്നാണ്‌ സൂചനകള്‍. ഫെബ്രുവരി പത്തിനാണ്‌ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌. മൗര്യ സിറാതുവില്‍ മല്‍സരിച്ചേക്കും. ദിനേഷ്‌ ശര്‍മയെ ലക്‌നൗ മണ്ഡലത്തില്‍ ഇറക്കാനാണ്‌ ആലോചനകള്‍.
ഡല്‍ഹിയിലുള്ള ബി.ജെ.പി. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയാണ്‌ സ്‌ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്‌. ഇതുവരെ മുന്നൂറോളം സീറ്റുകളിലേക്കുള്ളവരുടെ പേരുകള്‍ ചര്‍ച്ചചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സമിതി യോഗത്തില്‍ പങ്കെടുക്കും. കോവിഡ്‌ ബാധിതരായതിനാല്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്‌ഡയും കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്‌, നിതിന്‍ ഗഡ്‌കരി തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ യോഗത്തില്‍ പങ്കെടുക്കുന്നത്‌.
ആഭ്യന്തരമന്ത്രി അമിത്‌ ഷാ, യു.പി. മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്‌ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ടു യോഗത്തിലുണ്ട്‌. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച്‌ ഏഴു വരെ ഏഴു ഘട്ടമായാണ്‌ യു.പി. തെരഞ്ഞെടുപ്പ്‌.

Leave a Reply