കോഴിക്കോട്‌ -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു ചാലിയാറിനു കുറുകെ പണിയുന്ന കൂളിമാട്‌ പാലത്തിന്റെ ബീം തകര്‍ന്നുവീണു

0

കോഴിക്കോട്‌: കോഴിക്കോട്‌ -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു ചാലിയാറിനു കുറുകെ പണിയുന്ന കൂളിമാട്‌ പാലത്തിന്റെ ബീം തകര്‍ന്നുവീണു. പാലം പണി തുടങ്ങിയിട്ടു രണ്ടു വര്‍ഷമായി. വടകര ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്‌ നിര്‍മാണച്ചുമതല.
പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകള്‍ക്കു മുകളിലെ ബീമുകളാണ്‌ ഇടിഞ്ഞു വീണത്‌. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 2019 മാര്‍ച്ചിലാണ്‌ പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്‌. കോഴിക്കോട്‌ ജില്ലയുടെ കരഭാഗത്തും ചാലിയാറില്‍ മലപ്പുറം ഭാഗത്തായും പാലത്തിന്റെ തൂണുകള്‍ക്കു വേണ്ടിയുള്ള പൈലിങ്‌ നടത്തി ഐലന്‍ഡും സ്‌ഥാപിച്ചിരുന്നു. പുഴയിലെ ശക്‌തമായ ഒഴുക്കില്‍ ഐലന്‍ഡ്‌ ഒലിച്ചുപോയതോടെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവച്ചിരുന്നു.
പാലം നിര്‍മാണം ഏറെക്കുറേ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ്‌ ബീമുകള്‍ തകര്‍ന്നത്‌. എന്നാല്‍ കൂളിമാട്‌ പാലത്തിന്റെ ബീം ചരിയാന്‍ ഇടയായത്‌ അത്‌ ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഹൈഡ്രോളിക്‌ ജാക്കികളില്‍ ഒന്ന്‌ പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന്‌ ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചു.
നിര്‍മാണത്തകരാറോ അശ്രദ്ധയോ അല്ല, മറിച്ച്‌ നിര്‍മാണത്തിന്‌ ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാര്‍ മാത്രമാണ്‌ സംഭവിച്ചത്‌. ജാക്കികള്‍ ഉപയോഗിച്ചാണ്‌ ബീം ഉയര്‍ത്തി നിര്‍ത്തുന്നത്‌. ഇവ പ്രവര്‍ത്തിപ്പിച്ചാണ്‌ ബീം താഴ്‌ത്തി തിരികെ ഉറപ്പിക്കുന്നതും. ഇപ്രകാരം ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്‌ത്തുന്നതിനിടെ അതിനെ താങ്ങിനിര്‍ത്തിയിരുന്ന ജാക്കികളില്‍ ഒന്ന്‌ പ്രവര്‍ത്തിക്കാതാകുകയായിരുന്നു. അതോടെ ആ ബീം മറുവശത്തേക്കു ചരിഞ്ഞു. ഈ നിര്‍മ്മാണത്തില്‍ ഒരു സ്‌പാനിനെ (സ്ലാബിനെ) താങ്ങിനിര്‍ത്താന്‍ മൂന്നു ബീമുകളാണു വേണ്ടത്‌. അതില്‍ ഒരു അരികിലെ ബീമാണു ചാഞ്ഞത്‌. അതു നടുവിലെ ബീമില്‍ മുട്ടി. നടുവിലെ ബീം ചരിഞ്ഞ്‌ മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണു മറിഞ്ഞത്‌. ഗര്‍ഡറുകള്‍ പുനഃസ്‌ഥാപിച്ച്‌ പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.
അതേസമയം, കൂളിമാട്‌ പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട്‌ പ്ര?ജക്‌ട്‌ ഡയറക്‌ടറോട്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. പാലം നിര്‍മാണം പരിശോധിക്കുവാന്‍ പൊതുമരാമത്ത്‌ വിജിലന്‍സ്‌ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here