പന്തിന്റെ സെഞ്ചുറി പാഴാകുന്നു; ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്‌

0

കേപ്‌ ടൗണ്‍: കഴിഞ്ഞ മത്സരങ്ങളിലെ ബാറ്റിങ്ങിന്റെ പേരില്‍ ഏറെ പഴികേട്ട ഋഷഭ്‌ പന്ത്‌ തകര്‍പ്പന്‍ സെഞ്ചുറി നേടി മുന്നില്‍നിന്നു നയിച്ചെങ്കിലും മറ്റു ബാറ്റര്‍മാര്‍ പരാജയമായതോടെ ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്‌. പന്തിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച 212എന്ന വിജയലക്ഷ്യത്തിലേക്ക്‌ ദക്ഷിണാഫ്രിക്ക അനായാസം മുന്നേറുകയാണ്‌.
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടുവിക്കറ്റ്‌ മാത്രം നഷ്‌ടത്തില്‍ 101 റണ്‍സ്‌ എന്നനിലയിലാണ്‌ അവര്‍. കീഗന്‍ പീറ്റേഴ്‌സണ്‍ 48 റണ്‍സോടെക്രീസിലുണ്ട്‌. ക്യാപ്‌റ്റന്‍ ഡീന്‍ എല്‍ഗാര്‍ 30
സെടുത്തും എട്ടു റണ്‍സെടുത്ത എയ്‌ഡന്‍ മാര്‍ക്രമും പുറത്തായത്‌.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും പരിചയസമ്പന്നരും മുന്‍നിര ബാറ്റ്‌സ്മാന്‍മാരുമെല്ലാം ഒരുപോലെ നിരാശപ്പെടുത്തിയപ്പോള്‍, ഇന്ത്യയെ ഒറ്റയ്‌ക്കു തോളിലേറ്റുകയായിരുന്നു പന്ത്‌. ടെസ്‌റ്റ് കരിയറിലെ നാലാം സെഞ്ചുറിയുമായി പന്ത്‌ പടനയിച്ചതോടെ കേപ്‌ ടൗണ്‍ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത്‌ 212 റണ്‍സ്‌ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 67.3 ഓവറില്‍ 198 റണ്‍സിന്‌ പുറത്തായതോടെയാണ്‌ 13 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്‌ കൂടി ചേര്‍ത്ത്‌ ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നില്‍ 212 റണ്‍സ്‌ വിജയലക്ഷ്യം വച്ചത്‌. പരമ്പരയിലെ ആദ്യ രണ്ടു ടെസ്‌റ്റുകളില്‍ ഇരു ടീമുകളും ഓരോ വിജയം നേടിയതിനാല്‍ മൂന്നാം ടെസ്‌റ്റ് ജയിക്കുന്നവര്‍ക്ക്‌ പരമ്പര നേടാം. അതുകൊണ്ടുതന്നെ ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുമെന്ന്‌ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷകള്‍ വിഫലമായി.
ഋഷഭ്‌ പന്ത്‌ 139 പന്തില്‍ ആറു ഫോറും നാലു സിക്‌സും സഹിതം 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരുവശത്ത്‌ വിക്കറ്റുകള്‍ കൊഴിയുമ്പോഴും ആക്രമണ ബാറ്റിങ്ങിലൂടെ പന്ത്‌ യഥേഷ്‌ടം റണ്‍സ്‌ കണ്ടെത്തി. ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലി മാത്രമാണ്‌ പതിഞ്ഞ ബാറ്റിങ്ങുമായി പന്തിനു പിന്തുണ നല്‍കിയത്‌. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച പന്ത്‌ 133 പന്തിലാണ്‌ ടെസ്‌റ്റിലെ നാലാം സെഞ്ചുറി കുറിച്ചത്‌. ആറു ഫോറും നാലു സിക്‌സും ഉള്‍പ്പെടുന്നതാണ്‌ പന്തിന്റെ സെഞ്ചുറി. ഇന്നലെ കളി ആരംഭിച്ച്‌ അധികം വൈകുംമുമ്പേ നാലിന്‌ 58 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്‌ക്ക് അഞ്ചാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിക്കൊപ്പം പന്ത്‌ പടുത്തുയര്‍ത്തിയ 94 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ കരുത്തായത്‌. 143 പന്ത്‌ നേരിട്ട കോഹ്ലി നാലു ഫോറുകളുടെ അകമ്പടിയില്‍ 29 റണ്‍സെടുത്തു.
ചേതേശ്വര്‍ പൂജാര (15 പന്തില്‍ ഒന്‍പത്‌), അജിന്‍ക്യ രഹാനെ (ഒന്‍പത്‌ പന്തില്‍ ഒന്ന്‌), രവിചന്ദ്രന്‍ അശ്വിന്‍ (15 പന്തില്‍ ഏഴ്‌), ഷാര്‍ദുല്‍ ഠാക്കൂര്‍ (13 പന്തില്‍ അഞ്ച്‌), ഉമേഷ്‌ യാദവ്‌ (0), മുഹമ്മദ്‌ ഷമി (0), ജസ്‌പ്രീത്‌ ബുമ്ര (2) എന്നിങ്ങനെയാണു മറ്റു ബാറ്റസ്‌മാന്‍മാരുടെ സ്‌കോറുകള്‍. ഓപ്പണര്‍മാരായ കെ.എല്‍. രാഹുല്‍ (22 പന്തില്‍ 10), മയാങ്ക്‌ അഗര്‍വാള്‍ (15 പന്തില്‍ ഏഴ്‌) എന്നിവര്‍ രണ്ടാം ദിനം അവസാന സെഷനില്‍ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി മാര്‍ക്കോ ജാന്‍സന്‍ നാലും ലുങ്കി എന്‍ഗിഡി, കഗീസോ റബാദ എന്നിവര്‍ മൂന്നു വിക്കറ്റ്‌ വീതവും വീഴ്‌ത്തി. രണ്ട്‌ ഇന്നിങ്‌സിലും ഇന്ത്യയുടെ മുഴുവന്‍ ബാറ്റര്‍മാരും ക്യാച്ച്‌ നല്‍കിയാണ്‌ പുറത്തായതെന്ന പ്രത്യേകതയുമുണ്ട്‌. ഒരു ടെസ്‌റ്റിന്റെ രണ്ട്‌ ഇന്നിങ്‌സിലുമായി ഒരു ടീമിന്റെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ നഷ്‌ടമാകുന്ന ആദ്യ സംഭവം കൂടിയാണിത്‌.

Leave a Reply