കണ്ണൂർ വിസി നിയമനം; സേവ് യൂണിവേഴ്സിറ്റി ഫോറം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

0

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഈ മാസം 24 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്തമാക്കിയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ഡിവിഷൻ ബഞ്ചിൽ സമർപ്പിച്ച ഹർജിയാണ് 24ന് പരി​ഗണിക്കുക.

വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. യുജിസി ചട്ടങ്ങളും സ‍ർക്കാർ നിലപാടും ചേർന്നുപോകുന്നതല്ലെന്നും അപ്പീലിൽ പറയുന്നു. അതുകൊണ്ടുതന്നെ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.

Leave a Reply