തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടും വിഷയം പാര്‍ട്ടിയെ അറിയിക്കാത്തതിന്റെ പേരില്‍ സ്വന്തം മന്ത്രിമാരെ അതൃപ്തി അറിയിച്ച് സി.പി.ഐ.
മന്ത്രിമാരെ വിളിപ്പിച്ച് വിശദീകരണം തേടിയതിനു പിന്നാലെ സി.പി.ഐ. നിര്‍വാഹക സമിതി യോഗം വിഷയം ചര്‍ച്ച ചെയ്യും. മന്ത്രിസഭാ യോഗത്തില്‍ വിവാദമായ ലോകായുക്ത ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്തെന്നു സി.പി.എം. ആവര്‍ത്തിക്കുമ്പോള്‍ നാല് മന്ത്രിമാരുണ്ടായിട്ടും ഇക്കാര്യം പാര്‍ട്ടിയെ അറിയിക്കാത്തതാണു നേതൃത്വത്തെ ചൊടിപ്പിച്ചത്.
നിയമസഭാ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് പൊടുന്നനെ കൊണ്ടുവരാനുള്ള നീക്കത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരസ്യമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ചില മന്ത്രിമാരടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്താണു തീരുമാനം എടുത്തതെന്ന് പറഞ്ഞതു പാര്‍ട്ടിക്ക് ക്ഷീണമായി. കാനം രാജേന്ദ്രന്റെ പരസ്യവിമര്‍ശനത്തെ പോലും ഇത് ദുര്‍ബലപ്പെടുത്തിയിരുന്നു. ജനുവരിയില്‍ രണ്ടു തവണ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായ വിഷയം പാര്‍ട്ടിയെ അറിയിക്കാത്തതില്‍ മന്ത്രിമാരെ വിളിച്ച് കാനം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്ത് മന്ത്രിമാരെ വിളിച്ചുള്ള കൂടിയാലോചന പതിവെന്നിരിക്കെ ലോകായുക്ത വിഷയത്തില്‍ മന്ത്രിമാര്‍ പാര്‍ട്ടിയെ അറിയിക്കാത്തത് പാര്‍ട്ടി യോഗത്തിലും മന്ത്രിമാര്‍ക്ക് വിശദീകരിക്കേണ്ടി വരും. വരുന്ന വ്യാഴാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.