കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുബാംഗങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം പൂർണമായി നൽകാതെ വിമാനക്കമ്പനി. ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപ മാത്രമാണ് ദുരന്തബാധിതർക്ക് എയർഇന്ത്യ നൽകിയത്. ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.
ഓഗസ്റ്റ് 7 ന് കരിപ്പൂരിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹപൈലറ്റുമടക്കം 18 പേര് മരിച്ചു. 172 പേർക്ക് പരിക്കേറ്റു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇടക്കാല സഹായം മാത്രമാണ് എയർഇന്ത്യ അധികൃതര്‍ ഇതുവരെ നല്‍കിയത്. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചികിത്സ ചെലവും നൽകി.
എയർഇന്ത്യക്ക് ഇന്‍ഷുറന്‍സ് തുക മുഴുവനായി കിട്ടിയിട്ടും പിന്നീട് നല്‍കേണ്ട നഷ്ടപരിഹാരം അപകടത്തിന് ഇരയായവര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകാന് നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
1999ലെ ക്യാരേജ് ബൈ എയർക്രാഫ്റ്റ് ആക്ടിലെ റൂൾ 17ഉം20 ഉം പ്രകാരം അന്താരാഷ്ട്ര വിമാന അപകടത്തിൽപെടുന്ന ഓരോ യാത്രക്കാര്‍ക്കും 1,20,03,840 (ഒരു കോടി 20 ലക്ഷത്തി മുപ്പത്തി മൂവായിരത്തി എണ്ണൂറ്റി നാൽപ്പത് രൂപ) രൂപ നൽകണമെന്നാണ് ചട്ടം. ഈ തുക നൽകാതെ, കമ്പനി നിശ്ചയിച്ച തുക മാത്രമേ നൽകൂ എന്നാണ് എയർഇന്ത്യയുടെ നിലപാട്. ഇത് ചൂണ്ടിക്കാട്ടി കമ്പനി പലർക്കുമയച്ച നോട്ടീസ് പ്രകാരം അപകടത്തിൽപ്പെട്ടവർക്ക് നൽകുന്നത് തുച്ഛമായ തുക മാത്രമാണ്. അപകടത്തെ തുടർന്ന് പലരുടേയും ജീവിതം കടുത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് അർഹമായ നഷ്ടപരിഹാരം പോലും നൽകാത്തത്.
English summary
The airline has not paid full compensation to the families of those killed and injured in the Karipur plane crash.