വാവ സുരേഷിന് പാമ്പിനെ പിടിക്കണമെങ്കിൽ പരിശീലന പരിപാടിയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണം; ഇല്ലെങ്കിൽ കേസെടുക്കുമെന്നും വനംവകുപ്പ്

0

കൊച്ചി: വാവ സുരേഷിന് പാമ്പിനെ പിടിക്കണമെങ്കിൽ പരിശീലന പരിപാടിയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണമെന്ന് വനം വകുപ്പ്. സർട്ടിഫിക്കറ്റ് നേടാതെ പാമ്പിനെ പിടിക്കാനിറങ്ങിയാൽ കേസെടുക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന വാവ സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി.

വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടിയാലേ പാമ്പിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര് വൈ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.

അതേസമയം ഇന്നലെ വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ ദ്രോഹിക്കുകയാണെന്ന് വാവ സുരേഷ് വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ കേരളമൊട്ടാകെ ഒരു ക്യാമ്പയിൻ നടക്കുകയാണെന്നും പാമ്പിനെ പിടിക്കാൻ തന്നെ വിളിക്കരുതെന്ന് പലരെയും കൊണ്ട് അയാൾ പറയിപ്പിക്കുകയാണെന്നും വാവ സുരേഷ് വെളിപ്പെടുത്തി. ശാസ്ത്രീയ രീതിയിൽ പാമ്പിനെ പിടിക്കാൻ ശ്രമിച്ച് കടിയേറ്റ് കോഴിക്കോട് ആശുപത്രിയിൽ ഒരാളെ രഹസ്യമായി ചികിത്സിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാമ്പിനെ പിടിക്കുന്നതിൽ ഒരു സുരക്ഷിതത്വവുമില്ലെന്നും തനിക്ക് ആരെയും ദ്രോഹിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇപ്പോൾ വനംവകുപ്പ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പ്രളയത്തിനു ശേഷം പാമ്പു പിടിത്തക്കാര്‍ക്ക് ആവശ്യം ഏറിയതോടെയാണ് ഇന്‍സ്റ്റിറ്റിയൂട്ട് പരിശീലന പരിപാടി ആരംഭിച്ചത്. 21 മുതല്‍ 65 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാവൂക. ഒറ്റ ദിവസമാണ് പരിശീലനം. അഞ്ചു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ശരിയല്ലാത്ത നടപടികളില്‍ ഏര്‍പ്പെടുന്നുവെന്നു കണ്ടാല്‍ വകുപ്പ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും.

ഇന്‍സ്റ്റിറ്റിയൂട്ട് ഇതുവരെ 1650 പേര്‍ക്കാണ് പരിശീലനം നല്കിയത്. ഇതില്‍ 928 പേര്‍ പാമ്പുപിടിത്തത്തില്‍ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പാമ്പുകടിയേറ്റാല്‍ ഒരു ലക്ഷം രൂപ വരെ ആശുപത്രി ചെലവായി നല്‍കും. മരിച്ചാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.

Leave a Reply