Monday, January 24, 2022

ഭാര്യയെ ആസിഡ്‌ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സാക്ഷിയുടെ വീടിനു തീയിട്ടു

Must Read

കൊട്ടിയം:ഭാര്യയെ ആസിഡ്‌ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സാക്ഷിയുടെ വീടിനു തീയിട്ടു. വാളത്തുംഗൽ സഹൃദയ ക്ലബ്ബിനു സമീപം കുടുംബപ്രശ്നങ്ങളുടെപേരിൽ ഭാര്യയ്ക്കുനേരേ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മൊഴി നൽകിയ അയൽവാസിയുടെ വീടും വീടിനു മുന്നിൽ വെച്ചിരുന്ന സ്കൂട്ടറുമാണ് തീയിട്ടുനശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് വാളത്തുംഗൽ മങ്കാരത്ത് കിഴക്കതിൽ രജിയുടെ നേർക്കാണ് ഭർത്താവായ ജയൻ ആസിഡ് ആക്രമണം നടത്തിയത്. ഈ കേസിൽ മൊഴി നൽകിയ അയൽവാസിയായ മങ്കാരത്ത് കിഴക്കത്തിൽ ശ്രീജയുടെ വീടിനും സ്കൂട്ടറിനുമാണ് ജാമ്യത്തിലിറങ്ങിയ പ്രതി ജയൻ തീയിട്ടത്.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ശ്രീജയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കടന്ന ജയൻ വീടിനുമുന്നിൽ വെച്ചിരുന്ന ബൈക്കിൽനിന്ന്‌ പെട്രോൾ ഊറ്റിയെടുക്കുകയും അതുപയോഗിച്ച് വീടിനും സ്കൂട്ടറിനും തീയിടുകയുമായിരുന്നു.

വീട്ടിൽനിന്നു പുകയുയരുന്നതു കണ്ട ശ്രീജയും ഭർത്താവ് സുജിനും ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തീയണച്ചു.

സ്കൂട്ടർ പൂർണമായും കത്തിനശിക്കുകയും വീടിന്റെ വയറിങ് ഉൾപ്പെടെ വീടിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇരവിപുരം പോലീസ് സംഭവസ്ഥലത്തെത്തി നടത്തിയ തിരിച്ചിലിലാണ് ജയൻ പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന ജയനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. ജാമ്യംലഭിച്ച് പുറത്തിറങ്ങിയ ജയൻ ഭാര്യ രജിയെ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ശനിയാഴ്ച രാത്രി 11 മണിയോടെ രജിയുടെ വീടിനുനേരേ കല്ലുകളും കുപ്പിച്ചില്ലുകളും വാരിയെറിഞ്ഞ്‌ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

ഈ സംഭവത്തിൽ രജി ഞായറാഴ്ച ഇരവിപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News