ധീരജിന്റെ വധത്തില്‍ അറസ്‌റ്റിലായ പ്രതികള്‍ ഈ മാസം 25 വരെ റിമാന്‍ഡില്‍

0

കട്ടപ്പന: ഇടുക്കി ഗവ. എന്‍ജിനീയറിങ്‌ കോളജിലെ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ വധത്തില്‍ അറസ്‌റ്റിലായ പ്രതികള്‍ ഈ മാസം 25 വരെ റിമാന്‍ഡില്‍. യൂത്ത്‌ കോണ്‍ഗ്രസ്‌ വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖില്‍ പൈലി, ഇടുക്കി മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ജെറിന്‍ ജിജോ എന്നിവരെയാണ്‌ കട്ടപ്പന കോടതി റിമാന്‍ഡ്‌ ചെയ്‌തത്‌. കേസിലെ നാലു പ്രതികള്‍ ഒളിവിലാണ്‌.
ഇന്നലെ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടോടെയാണ്‌ പ്രതികളെ കട്ടപ്പന കോടതിയിലെത്തിച്ചത്‌. പ്രതികളുമായിവന്ന പോലീസ്‌ വാഹനത്തിനു നേരേ കോടതി വളപ്പിനു പുറത്തു സംഘടിച്ചിരുന്ന എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ നീങ്ങിയത്‌ നേരിയ സംഘര്‍ഷത്തിനു കാരണമായി. വാഹനം തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞു.
റിമാന്‍ഡിലായ പ്രതികളെ പീരുമേട്‌ ജയിലിലേക്കു കൊണ്ടുപോയി. വൈദ്യപരിശോധനയ്‌ക്കായി പീരുമേട്‌ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചപ്പോഴും എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായെത്തി. ഇവരെ പോലീസ്‌ നീക്കം ചെയ്‌തു. തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നോടെ പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ കട്ടപ്പന കോടതി പരിസരത്തും പീരുമേട്ടിലും വന്‍ പോലീസ്‌ സന്നാഹത്തെ വിന്യസിച്ചിരുന്നു.
സംഘം ചേര്‍ന്ന്‌ എത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌, കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കൊല്ലണണമെന്ന ഉദ്ദേശത്തോടെയാണ്‌ ധീരജിനെയും അമലിനെയും കുത്തിയതെന്നാണു റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌. നിഖില്‍ പൈലിയാണ്‌ കുത്തിയതെന്നും ജെറിന്‍ സംഭവസ്‌ഥലത്ത്‌ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്‌.

Leave a Reply