മദ്യലഹരിയിലെത്തിയ മകന്‍ പണം ആവശ്യപ്പെട്ട്‌ 84 വയസുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചു

0

കൊല്ലം: മദ്യലഹരിയിലെത്തിയ മകന്‍ പണം ആവശ്യപ്പെട്ട്‌ 84 വയസുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചു. ചവറ തെക്കുംഭാഗം പരിത്തിക്കല്‍ കിഴക്കതില്‍ ഓമനയെ ഇളയ മകന്‍ ഓമനക്കുട്ടന്‍ (54) ഞായറാഴ്‌ച ഉച്ചയ്‌ക്കാണു മഴയത്ത്‌ വീട്ടുമുറ്റത്തുകൂടി വലിച്ചിഴച്ചു മര്‍ദിച്ചത്‌. സാരമായി പരുക്കേറ്റ ഓമന ആശുപത്രിയില്‍ ചികിത്സ തേടി. അയല്‍വാസിയായ വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഓമനക്കുട്ടനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
മാതാവിനു കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. തടയാന്‍ ശ്രമിച്ച സഹോദരന്‍ ബാബുവിനെയും മര്‍ദിച്ചു. ഓമനയെ മര്‍ദിക്കുന്നതിനിടെ തന്റെ വസ്‌ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും ഓമനക്കുട്ടന്‍ അടങ്ങിയില്ല.
ഓമനയുടെ മുതുകിനും തലയ്‌ക്കും കൈകൊണ്ട്‌ അടിച്ചതിനു ശേഷം വടി പോലുള്ള എന്തോ ഉപയോഗിച്ച്‌ മര്‍ദിക്കുന്നതും ദൃശ്യത്തില്‍ കാണാം.
ആശുപത്രിയില്‍ പോലീസ്‌ മൊഴിയെടുക്കാനെത്തിയപ്പോള്‍ തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നാണ്‌ ഓമന പറഞ്ഞത്‌. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വാര്‍ഡ്‌ മെമ്പര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. ഓമനക്കുട്ടന്‍ നേരത്തെയും മദ്യപിച്ചെത്തി ഓമനയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ്‌ അയല്‍വാസികള്‍ പറയുന്നത്‌.
സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ആവശ്യമായ നടപടികള്‍ സ്വീകരിച്ച്‌ 15 ദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മിഷനംഗം വി.കെ. ബീനാകുമാരി കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി.

Leave a Reply