തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണം ഇന്ന് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വൈകിട്ട് ആറിന് ടാഗോര്‍ തീയറ്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമായിരിക്കും പ്രവേശനം.
സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം കൈമാറും.
മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂർ, സുരേഷ് ഗോപി, വി.എസ്. ശിവകുമാർ എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ, കെടിഡിസി ചെയർമാൻ എം. വിജയകുമാർ, സാംസ്കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
സുരാജ് വെഞ്ഞാറമൂടിനെയും കനി കുസൃതിയെയുമാണ് മികച്ച നടീനടന്മാരായി തെരഞ്ഞെടുത്തത്. ലിജോ ജോസ് പെല്ലിശേരിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. ചടങ്ങിൽ കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ ഹരിഹരന് നൽകും.
English summary
The 50th State Film Awards will be presented today