Tuesday, June 15, 2021

കഴിഞ്ഞ സർക്കാരിന്റെ അവസാന നാളിൽ ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്ത 41 തടവുകാരെ ഉടൻ വിട്ടയയ്ക്കും; 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ്സ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാനും 3 അംഗ സമിതിയുടെ ശിപാർശ

Must Read

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ അവസാന നാളിൽ ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്ത 41 തടവുകാരെ ഉടൻ വിട്ടയയ്ക്കും.

ഇതിനൊപ്പം 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ്സ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാനും 3 അംഗ സമിതിയുടെ ശുപാർശയുണ്ട്. ആകെ
നൂറിലേറെ പേർക്ക് ഗുണം ലഭിക്കും.

മന്ത്രിസഭ ശുപാർശ ചെയ്താൽ ഗവർണറാണ് ഉത്തരവു പുറപ്പെടുവിക്കേണ്ടത്.

ജയിൽ ഉപദേശക സമിതികൾ തള്ളിയവർ ഉൾപ്പെടെ ആദ്യ പട്ടികയിൽ 242 പേർ. പിന്നീടത് 169 പേരായി. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ ഡിജിപി എന്നിവരുടെ സമിതി വീണ്ടും പരിശോധിച്ചു. പട്ടിക 60 പേരുടേതായി ചുരുങ്ങി.

എന്നാൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, ക്വട്ടേഷൻ സംഘങ്ങൾ, സ്ഥിരം കൊലപാതകികൾ, കള്ളക്കടത്തുകാർ, മാനഭംഗം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകൾ, സ്ത്രീധന പീഡനം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർ പട്ടികയിൽ പെടാൻ പാടില്ലെന്ന നിർദേശം സർക്കാർ നൽകിയിരുന്നു. തുടർന്നാണ് ഉന്നത സമിതി പട്ടിക വീണ്ടും പരിശോധിച്ചു ചുരുക്കിയത്.

പ്രായാധിക്യമുള്ള രോഗബാധിതരായ തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണു മുഖ്യമന്ത്രിക്കും സർക്കാരിനുമുള്ളത്. കോവിഡ് പടർന്നതോടെ പലരുടെയും അവസ്ഥ ദുരിതപൂർണമായി. ഇതോടെ മാനദണ്ഡം അടിസ്ഥാനമാക്കി ജയിൽ വകുപ്പ് പട്ടിക തയാറാക്കി.

14 വർഷം ജീവപര്യന്തം ശിക്ഷ പൂർത്തിയാക്കിയവരെ വിട്ടയയ്ക്കണമെന്നു സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകൾ, ചീമേനി തുറന്ന ജയിൽ, തിരുവനന്തപുരം വനിതാ ജയിൽ എന്നിവിടങ്ങളിലെ ജയിൽ ഉപദേശക സമിതികൾ മോചിപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കി. ഇതിൽ 65 വയസ്സായ വനിതയും ഉൾപ്പെടും.

ഒന്നുകിൽ 70 വയസ്സ് കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇളവുകൾ സഹിതം 25 വർഷം ശിക്ഷ പൂർത്തിയാക്കിയിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. ഇളവുകൾ ഇല്ലാതെ 23 വർഷം ശിക്ഷ പൂർത്തിയാക്കണം. 75 കഴിഞ്ഞവരാണെങ്കിൽ 14 വർഷം തടവു പൂർത്തിയാക്കണം.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News