Sunday, January 23, 2022

വിസ്മയയെ കൊണ്ട് കെട്ടഴിപ്പിച്ചത് ബാത്ത്റൂമിൽ പോകണമെന്ന് പറഞ്ഞ്; കുത്തേറ്റ് വീണ ചേച്ചിയെ സെറ്റിയുടെ കൈപ്പിടി ഉപയോഗിച്ച് അടിച്ചു; ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തിയത് പന്തം കത്തിച്ച് എറിഞ്ഞും; 22കാരി ജിത്തു ചെയ്ത കൊടും ക്രൂരതകൾ ഇങ്ങനെ

Must Read

പറവൂർ: വിസ്മയയെ കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തിയത് പന്തം കത്തിച്ചെറിഞ്ഞെന്ന് സഹോദരി വിസ്മയ. കുത്തേറ്റ വിസ്മയ തറയിൽ വീണു. ഇതോടെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് വിസ്മയയുടെ ദേഹത്തൊഴിച്ചു. തുടർന്ന് വടിയിൽ തുണി ചുറ്റി പന്തമുണ്ടാക്കി. അത് കത്തിച്ച് വിസ്മയയുടെ ദേഹത്തേക്ക് എറിയുകയായിരുന്നെന്നും ജിത്തു പൊലീസിനോട് പറഞ്ഞു. അ​ഗ്നി ദേഹത്ത് പടരുമ്പോഴും വിസ്മയക്ക് ജീവനുണ്ടായിരുന്നു എന്ന സൂചനയാണ് ജിത്തു പൊലീസിന് നൽകിയിട്ടുള്ളത്.

മാനസികാസ്വാസ്ഥ്യമുള്ള ജിത്തുവിനെ മുറിയിൽ കെട്ടിയിട്ടിട്ടാണ് മാതാപിതാക്കൾ പുറത്തുപോയത്. ടോയ്‌ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിസ്മയ അനുജത്തിയെ കെട്ടഴിച്ച് സ്വതന്ത്രയാക്കി. പുറത്തിറങ്ങിയ ശേഷം സഹോദരിമാർ തമ്മിൽ വഴക്കുണ്ടായി. വിസ്മയയെ കത്തി എടുത്ത് കുത്തി. നിലത്തുവീണപ്പോൾ സെറ്റിയുടെ ഇളകിയ കൈപ്പിടി ഉപയോഗിച്ച് അടിച്ചു. പിന്നീടാണ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതെന്നും ജിത്തു പറഞ്ഞു. കൃത്യത്തിനു ശേഷം വീടിന്റെ മതിൽചാടിയാണ് പുറത്തെത്തിയത്. ജിത്തുവിനെ കോടതി 14 ദിവസത്തേക്ക് കാക്കനാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.

വീട്ടിൽ താൻ ഒറ്റപ്പെട്ടുവെന്ന തോന്നലാണ് സഹോദരിയെ വകവരുത്തുന്നതിലേക്ക് നയിച്ചതെന്ന് ചോദ്യംചെയ്യലിൽ ജിത്തു പോലീസിനോട് പറഞ്ഞു. അച്ഛനും അമ്മയ്ക്കും വിസ്മയയോടാണ് കൂടുതൽ സ്നേഹമുള്ളതെന്ന തോന്നലായിരുന്നു ജിത്തുവിന്. മുമ്പ് രണ്ടുതവണ ജിത്തുവിനെ കാണാതായിരുന്നു. പിന്നീട് കണ്ടെത്തിയപ്പോൾ താൻ ഇനി വീട്ടിലേക്ക് പോകില്ലെന്ന് വാശിപിടിച്ചിരുന്നു. തീരുമാനത്തിൽ ഉറച്ചുനിന്നതോടെ പോലീസ് അന്ന് യുവതിയെ എറണാകുളത്തെ ഒരു സ്ഥാപനത്തിൽ ആക്കുകയായിരുന്നു. പിന്നീട്, അമ്മ ജിജി കോടതി ഉത്തരിവിലൂടെയാണ് മകളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതിനുശേഷം ജിത്തുവിനെ മാതാപിതാക്കൾ പുറത്തുപോകുമ്പോൾ വീട്ടിൽ കെട്ടിയിടുക പതിവായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് അറസ്റ്റിലായ ജിത്തുവിനെ പോലീസ് വെള്ളിയാഴ്ച സംഭവംനടന്ന പെരുവാരം പനോരമ നഗറിലെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ശിവാനന്ദന്റെയും ജിജിയുടെയും മൂത്തമകളാണ് കൊല്ലപ്പെട്ട വിസ്മയ. ചേച്ചിയെ കുത്താൻ ഉപയോഗിച്ച കത്തി, കൊലനടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രം എന്നിവ കണ്ടെടുത്തു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് വീട്ടിൽ തീ ഉയർന്നതും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതും. മരിച്ചത് വിസ്മയയാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം ജിത്തുവിനെ കാണാതാവുകയായിരുന്നു. പിന്നീട് കാക്കനാട്ടെ തെരുവോരം അഭയകേന്ദ്രത്തിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കുത്തേറ്റ വിസ്മയയെ കത്തിച്ച ശേഷം വീട്ടിൽ നിന്നും ഇറങ്ങി രണ്ടു കാറുകളിലായി ലിഫ്റ്റ് ചോദിച്ചാണ് എറണാകുളത്ത് എത്തിയതെന്നും ജിത്തു പറഞ്ഞു. തനിക്ക് എറണാകുളത്താണ് പോകേണ്ടതെന്നും കയ്യിൽ ബസ് കൂലികൊടുക്കാൻ കാശില്ലെന്നും പറഞ്ഞാണ് യുവതി കാറിൽ കയറിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിലെ ലോബിയിൽ കഴിച്ചുകൂട്ടി. പിന്നീട് രാവിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി കയ്യിലെ മുറിവിന് മരുന്ന് വെച്ചെന്നും ജിത്തു വെളിപ്പെടുത്തി. ആശുപത്രിയിലും കാശൊന്നും കൊടുത്തിരുന്നില്ല.

കയ്യിലുണ്ടായിരുന്ന നൂറുരൂപക്ക് വിശക്കുമ്പോൾ ആഹാരം വാങ്ങി കഴിച്ചെന്നും ജിത്തു പറഞ്ഞു. പിന്നീടാണ് പൊലീസിന്റെ പിടിയിലാകുന്നതും അഭയകേന്ദ്രത്തിലേക്ക് എത്തുന്നതുമെന്നും ജിത്തു പൊലീസിനോട് പറഞ്ഞു. അതിനിടെ ജിത്തുവിനെയും കൂട്ടി വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയ പൊലീസ് വിസ്മയയെ കുത്താനുപയോ​ഗിച്ച കത്തി കണ്ടെടുത്തു. വാട്ടർ മീറ്റർ ബോക്സിനുള്ളിലായിരുന്നു കത്തി ഒളിപ്പിച്ചിരുന്നത്. ബുധനാഴ്ച അർധരാത്രി എറണാകുളം മേനകയ്ക്ക് സമീപം അലഞ്ഞുനടക്കുന്നതു കണ്ട ജിത്തുവിനെ പിങ്ക് പൊലീസിന് പക്ഷെ ആളെ തിരിച്ചറിയാനായില്ല.

ലക്ഷദ്വീപ് സ്വദേശിനിയാണെന്നാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. തുടർന്ന് പിങ്ക് പൊലീസ് തന്നെ തെരുവോരം മുരുകൻ നടത്തുന്ന ഷെൽറ്റർ ഹോമിൽ ആക്കുകയായിരുന്നു. പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടിയെന്ന നിലയിലാണ് പുലർച്ചെ ഒന്നരയോടെ പൊലീസ് ‘തെരുവു വെളിച്ചം’ ഷെൽറ്റർ ഹോമിലെത്തിച്ചത്. രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് ആളെ മനസ്സിലായില്ല. ഇതിനിടെ ജിത്തുവിനായി പൊലീസ് ജില്ലയിലാകെ വ്യാപക തെരച്ചിൽ നടത്തിവരികയായിരുന്നു. സംഭവം നടന്ന് 15 മണിക്കൂറിന് ശേഷമാണ് തങ്ങൾ തിരയുന്ന പെൺകുട്ടിയെയാണ് അനാഥാലയത്തിൽ എത്തിച്ചതെന്ന് മനസ്സിലാക്കുന്നത്. ഉച്ചയ്ക്കു ശേഷം പറവൂർ പൊലീസിനാണ് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. അവർ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണിൽ വിളിച്ച് ജിത്തുവിനെക്കുറിച്ച് അന്വേഷിച്ചു.

വിസ്മയ കേസിൽ അന്വേഷിക്കുന്ന പെൺകുട്ടിയാണെന്ന് പൊലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിർദേശിച്ചു. ഇതോടെ മുരുകനും സഹപ്രവർത്തകരും പെൺകുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആൺ സുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെൺകുട്ടി മുരുകനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

എന്നാൽ മുരുകൻ യുവതിയെ ആശ്വസിപ്പിച്ചു സ്ഥാപനത്തിൽ നിർത്തുകയായിരുന്നു. അതിനിടെ, സമീപ ഫ്‌ലാറ്റിലെ വീട്ടമ്മ അന്തേവാസികൾക്കായി പായസം കൊണ്ടുവന്നു. ഈ പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂർ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്. പൊലീസിനെ കണ്ടപ്പോൾ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതിരുന്നതിനാൽ പൊലീസിനൊപ്പം പോകുകയായിരുന്നു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News