ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്പിച്ച് ഇന്ത്യയുടെ കൗമാരക്കാരന് ഗ്രാന്‍ഡ് മാസ്റ്റര്‍. 16 കാരനായ ചെന്നൈ സ്വദേശിയായ രമേഷ്പ്രഭു പ്രജ്ഞാനന്ദയാണ് നോര്‍വെ താരവും ലോക ചാമ്പ്യനുമായ മാഗ്നസ് കാള്‍സനെ അട്ടിമറിച്ചത്. കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ 39 നീക്കങ്ങളിൽ ലോകചാമ്പ്യനെ തോല്പിച്ചു.
എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിൻ്റെ അട്ടിമറി വിജയം. തുടരെ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടാണ് ഇന്ത്യൻ താരം എട്ടാം റൗണ്ട് പോരാട്ടത്തിനെത്തിയത്. കാൾസൻ ആവട്ടെ തുടരെ മൂന്ന് വിജയങ്ങൾക്കു ശേഷം പ്രജ്ഞാനന്ദയ്ക്ക് മുന്നിലെത്തി. ജയത്തോടെ വിശ്വനാഥൻ അനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി പ്രജ്ഞാനന്ദ മാറി. ടൂർണമെൻ്റിൽ ഇന്ത്യൻ താരത്തിൻ്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.
തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്ഗനാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര് ബി രമേഷ് ആണ് പ്രഗ്ഗനാനന്ദയുടെയും വൈശാലിയുടെ പരിശീലകന്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സണോട് അടിയറവ് പറഞ്ഞ റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചിയാണ് 19 പോയന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാമത്. 15 പോയന്റ് വീതമുള്ള ഡിങ് ലിറനും ഹാന്‍സനും മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്റില്‍ ജയത്തിന് മൂന്ന് പോയന്റും സമനിലക്ക് ഒരു പോയന്റുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ഏഴ് റൗണ്ടുകള്‍ കൂടി ഇനി അവശേഷിക്കുന്നുണ്ട്.