ദിവസവും വരുന്ന വാർത്തകളിൽ ദാവൂദിനൊപ്പം ആ പേരും വീണ്ടും കേട്ടു തുടങ്ങി; ഹസീന പാർക്കർ

0

ദിവസവും വരുന്ന വാർത്തകളിൽ ദാവൂദിനൊപ്പം ആ പേരും വീണ്ടും കേട്ടു തുടങ്ങി; ഹസീന പാർക്കർ. 2014ൽ 55ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ച മുംബൈയുടെ ‘ക്രൈം ആപ’. മറാഠിയിൽ ആപ എന്നാൽ ചേച്ചി. അധോലോകത്ത് ഹസീന അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്, കുറ്റകൃത്യങ്ങളുടെ വല്യേച്ചി. അവർക്കെതിരെയുള്ള 88 കേസുകളിൽ ചിലത് ഇപ്പോൾ വീണ്ടും അന്വേഷണപരിധിയിൽ വന്നിരിക്കുന്നു. ഹസീനയുടെ മകനിൽനിന്നുള്ള വിവരങ്ങളുടെ വഴി പിടിച്ച് ദാവൂദിലേക്ക് എത്താമെന്നാണ് എൻഐഎ കണക്കുകൂട്ടൽ.

ദാവൂദും സഹോദരിമാരും

പൊലീസ് കോൺസ്റ്റബിൾ മുഹമ്മദ് ഇബ്രാഹിം കസ്കറും ഭാര്യ ആമീനബിയും 12 മക്കളുമൊത്ത് താമസിച്ചിരുന്നത് മുംബൈ ഡോംഗ്രിയിലായിരുന്നു. മൂന്നാമത്തെ മകൻ ദാവൂദ് ഇബ്രാഹിം കസ്കർ. ഏഴാമത്തവൾ ഹസീന. കള്ളക്കടത്തു സാധനങ്ങളുടെ ഹോൾസെയിൽ വിൽപനകേന്ദ്രമായിരുന്നു അന്നു ഡോംഗ്രി. അധോലോക ദാദമാരായിരുന്ന ഹാജി മസ്താനും കരിം ലാലയും അടക്കി വാണ സ്ഥലം.

ചില്ലറ മോഷണങ്ങളിൽനിന്ന് മസ്താനൊപ്പം വളരണമെന്നായി ദാവൂദിന്റെ ആഗ്രഹം. മസ്താന്റെ പേരി‍ൽ ഡോംഗ്രിയിലെത്തിയ കള്ളക്കടത്തുസാധനം പത്തൊൻപതാം വയസ്സിൽ മറിച്ചു വിറ്റ് ദാവൂദ് കളത്തിലിറങ്ങി. ഇതറിഞ്ഞ പിതാവ് മുഹമ്മദ് ഇബ്രാഹിം മകനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്രേ. മസ്താൻ വലിയ തലവേദനയാണെന്നും അയാൾക്കെതിരെ ചിലർ വരുന്നതു നല്ലതാണെന്നും പറഞ്ഞു പൊലീസ് മേധാവി തിരിച്ചയച്ചെന്നാണു കഥ. എന്തായാലും മസ്താൻ – ദാവൂദ് പോര് തെരുവിൽ ചോരപ്പുഴയൊഴുക്കിയെന്നതു വാസ്തവം.

തമ്മിൽത്തല്ല് പതിവായപ്പോൾ ദാവൂദ് സഹായം തേടിച്ചെന്ന ഒരു വീടുണ്ട്, ജെനാബി ദാർവിഷ് (ദാറുവാലി) എന്ന സ്ത്രീയുടെ വീട്. ജെനാബി ആപയുടെ വീട്. സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന അവർ ജെന, ഇന്ത്യ സ്വതന്ത്ര ആയപ്പോൾ ഏറെ സന്തോഷിച്ചു. എന്നാൽ, വിഭജനത്തിനു ശേഷം ഭർത്താവ് അവരെയും 5 മക്കളെയും ഉപേക്ഷിച്ചു പാക്കിസ്ഥാനിലേക്കു പോയി. കുടുംബം പോറ്റാൻ വഴിയില്ലാതെ ജെനാബി ധാന്യക്കള്ളക്കടത്തിലേക്കു തിരിഞ്ഞു. പിന്നീടു ചാരായക്കടത്തും തുടങ്ങി.

തെക്കു നിന്നെത്തിയ വരദരാജ മുതലിയാർ ബോംബെ അധോലോകത്തിന്റെ ദാദ ആയ കാലമായിരുന്നു അത്. മുതലിയാരുമായുള്ള ചങ്ങാത്തം കൂടിയതോടെ ജെനാബി ശക്തയായി. മസ്താനും കരിംലാലയും ദാവൂദും ഉൾപ്പെടെയുള്ള ഗുണ്ടാത്തലവന്മാർ അവരുടെ വാക്കുകൾ അനുസരിച്ചു. ദാവൂദ് അവരെ മാസി (അമ്മായി) എന്നും മസ്താൻ അവരെ ആപ (ചേച്ചി) എന്നും വിളിച്ചു. അതുകൊണ്ടാണു സഹായം തേടി ദാവൂദ് അവിടെത്തന്നെ ചെന്നതും. ജെനാബിയുടെ മധ്യസ്ഥതയിൽ മസ്താനും ദാവൂദും ഒത്തുതീർപ്പിലെത്തി. ബോംബെയുടെ മേഖലകൾ വിഭജിച്ചെടുക്കാമെന്നു ധാരണയായി. നാളുകൾ കഴിഞ്ഞ് ദാവൂദിന്റെ സഹോദരനെ മസ്താന്റെ ഗുണ്ടകൾ കൊല്ലും വരെ ഇരു കൂട്ടരും സമാധാന ഉടമ്പടി പാലിക്കുകയും ചെയ്തു.

ഒരു ഗുണ്ടാസംഘത്തെയും നയിക്കാതെയാണു ജെനാബി മുംബൈയുടെ ആപ ആയതും ദാദമാരെയടക്കം വിരൽത്തുമ്പിൽ നിർത്തിയതും. പിൽക്കാലത്ത് ഹസീന പാർക്കർ ആപയെന്ന പേര് ഏറ്റെടുത്തു. അതുപക്ഷേ, ദാവൂദ് ഇന്ത്യയിൽ വിട്ടുപോയ ഗുണ്ടാപ്പടയെ ഏറ്റെടുത്തുനയിച്ചു കൊണ്ടായിരുന്നു. മുംബൈ സ്ഫോടനം ജെനാബിയുടെ ഉള്ളുതകർത്തു. ദാവൂദിന്റെ പക്ഷം ചേർന്നു നിന്നതിലൂടെ താനും കുറ്റം ചെയ്തോ എന്ന ചിന്ത അലട്ടിയ അവർ ജീവകാരുണ്യപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു. അക്കാലത്ത് അധോലോകക്കളത്തിലേക്കു ചുവടുവച്ച ഹസീനയെ ആകട്ടെ, സഹോദരന്റെ തെറ്റ് ഒരു തരത്തിലും ബാധിച്ചില്ല.

ദാവൂദ് അധോലോകത്തിന്റെ ഭാഗമായ കാലത്ത് 4 സഹോദരന്മാരെയും ഒപ്പം കൂട്ടിയിരുന്നു. 4 സഹോദരിമാരും അവരുടെ കുടുംബവും മറ്റു സഹോദരന്മാരും കുറ്റകൃത്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന രീതിയിലായിരുന്നു ഡി കമ്പനിയുടെ ഓപ്പറേഷൻ. പക്ഷേ 1991ൽ ഹസീനയുടെ ഭർത്താവ് ഇസ്മായിൽ പാർക്കറെ ദാവൂദിന്റെ എതിരാളി അരുൺ ഗാവ്‌ലിയുടെ സംഘം കൊന്നതോടെ ഈ ഫോർമുല തെറ്റി. കൊലയാളികൾ ചികിത്സയിലായിരുന്ന ജെജെ ആശുപത്രിയിൽ ദാവൂദ് സംഘം പ്രതികാര വെടിവയ്പ് നടത്തി. മുംബൈ ഞെട്ടിവിറച്ച ഗുണ്ടാപ്പോരാട്ടത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ കൊല്ലപ്പെട്ടു.

ഈ സംഭവങ്ങൾക്കു പിന്നാലെ, പൊടുന്നനെ ഹസീന വീട്ടമ്മ റോൾ വെടിഞ്ഞു; അധോലോകത്തേക്കു നേരി എന്ന മേഖലയിൽ താമസിക്കാൻ തീരുമാനിച്ചതും അവിടെ ക്രൈം സിൻഡിക്കറ്റിനു രൂപം കൊടുത്തതും എല്ലാം പെട്ടെന്നായിരുന്നു. ഗോർഡൻ ഹാൾ എന്ന അപാർട്മെന്റ് കണ്ട് ഇഷ്ടപ്പെട്ട ഹസീന, കെട്ടിടം കുത്തിത്തുറന്ന് അവിടെ താമസമാക്കി. അന്ന് ആരും അതു ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്തതു ദാവൂദിന്റെ സഹോദരി എന്ന ലേബലിൽ ആണെങ്കിൽ പിന്നീട് ഹസീന ‘നാഗ്പാഡയുടെ തലതൊട്ടമ്മ’യെന്നു സ്വന്തം നിലയിൽ കുപ്രസിദ്ധി നേടി. ആപ എന്നുകേട്ടാ‍ലും മുംബൈ നടുങ്ങുന്ന സ്ഥിതിയായി (ഹസീനയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ അരുൺ ഗാവ്‌ലി പിന്നീട് പാർട്ടി രൂപീകരിച്ചതും 2004ൽ എംഎൽഎ ആയതും മറ്റൊരു കഥ. കൊലക്കേസിൽ ജീവപര്യന്തം തടവിലാണിപ്പോൾ ഗാവ്‌ലി. )

റിയൽ എസ്റ്റേറ്റ് മുതൽ പണം തട്ടൽ വരെ

ചേരി വികസന സമിതിയുടെ കീഴിൽ കരാറെടുക്കുന്ന ബിൽഡർമാരെയാണു ഹസീന ആദ്യം കയ്യിലെടുത്തത്. തന്റെ അനുമതിയില്ലാതെ ചേരിയിൽ ഒരു ഇഷ്ടികക്കട്ട പോലും വയ്ക്കാനാകില്ലെന്നു വിറപ്പിച്ചതോടെ കോടികളുടെ കമ്മിഷനുമായി അവർ ഗോർഡൻ ഹാളിൽ ക്യൂ നിന്നു. ഗൾഫിലും റഷ്യൻ മേഖലകളിലും ബോളിവുഡ് സിനിമകളുടെ റൈറ്റ് വിൽക്കുന്നതും ഹസീന സംഘം ഏറ്റെടുത്തു. കെട്ടിടനിർമാതാക്കളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു അടുത്ത രീതി.

കേബിൾ നെറ്റ്‌വർക്കുകൾ തമ്മിലുള്ള കുപ്രസിദ്ധമായ പോര് തുടങ്ങിയ നാളുകളായിരുന്നു അത്. അവർക്കും ഹസീന ഇടനിലക്കാരിയായി. ഓരോ സംഘത്തിനും നിശ്ചിത മേഖല ‘അതിരു തിരിച്ച്’ കൊടുത്തതോടെ ആ വകയിലും കമ്മിഷൻ കുമിഞ്ഞു കൂടി. രാജ്യമെമ്പാടുമുള്ള ഹവാല ഇടപാടുകളും ഹസീന വഴിയായി. നാഗ്പാഡയിലെയും സമീപത്തെയും എല്ലാ കുടുംബങ്ങളിലെയും കാര്യങ്ങളിൽ ആപ ഇടപെട്ടു. വീട്ടിലെ പെൺകുട്ടി ഒളിച്ചോടിയാൽ കാമുകനെ വിരട്ടിയോടിച്ച് കുട്ടിയെ തിരികെയെത്തിക്കാനും അതിർത്തിയുടെ പേരിലുള്ള അയൽതർക്കങ്ങൾ പരിഹരിക്കാനും അവർ ആപയെ തേടി.

88 കേസുകൾ ഹസീനയ്ക്കെതിരെ റജിസ്റ്റർ ചെയ്തെങ്കിലും പലതിലും ഇവർക്കെതിരെ കോടതിയിൽ മൊഴി നൽകാൻ ആരും തയാറായില്ല. മുന്നോട്ടുവന്ന ചിലരെയാകട്ടെ ഗുണ്ടകൾ പേടിപ്പിച്ചു തുരത്തുകയും ചെയ്തു. ഇതിനിടെ 10 വർഷത്തോളം ഹസീന പൊതുസ്ഥലത്തൊന്നും പ്രത്യക്ഷപ്പെടാതെ കഴിഞ്ഞു. നാഗ്പാ‍ഡയിൽ അവരുണ്ടെന്ന് അറിഞ്ഞിട്ടു പോലും പൊലീസിന് ഒന്നും ചെയ്യാനുമായില്ല. ഹസീനയ്ക്ക് മുംബൈയിൽ കണ്ണായ സ്ഥലങ്ങളിൽ കെട്ടിടങ്ങൾ ഉൾപ്പെടെ 5000 കോടിയുടെ സ്വത്തുണ്ടെന്നാണ് ഏകദേശ കണക്ക്.

മുംബൈ സ്ഫോടനത്തിനു ശേഷം ഇന്ത്യ വിട്ട ദാവൂദ് ഇബ്രാഹിം ദുബായിൽ ഉണ്ടെന്ന സൂചനകൾ പൊലീസിനു ലഭിച്ചിരുന്നു. ഹസീനയുടെ തുടർച്ചയായുള്ള ദുബായ് യാത്രകൾ ദാവൂദിനെ കാണാനാണെന്ന സംശയത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലും ആരംഭിച്ചു. എന്നാൽ, ദാവൂദുമായി ഒരു ബന്ധവുമില്ലെന്നും കുറ്റകൃത്യപട്ടികയിൽ പെടാത്ത സഹോദരങ്ങളുമായി മാത്രമേ സംസാരിക്കാറു പോലുമുള്ളൂ എന്നും ഹസീന മൊഴി നൽകി. ഇതിനിടെ, ക്രൈംബ്രാഞ്ച് ഓഫിസിൽ വച്ചു ഹസീനയുടെ ബാഗിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ പാസ്പോർട്ട് കാണാതായി. കുറ്റകൃത്യപശ്ചാത്തലം കണക്കിലെടുത്ത് പിന്നീടു പുതിയ പാസ്പോർട്ട് അനുവദിച്ചുമില്ല. ക്രൈംബാഞ്ച് സംഘത്തിന്റെ ആസൂത്രിത നീക്കത്തിലൂടെ പാസ്പോർട്ട് തട്ടിയെടുത്തതാണെന്നാണു റിപ്പോർട്ടുകൾ.

അതേസമയം, സഹോദരി ഗുണ്ടാസംഘത്തെ നയിക്കുന്നത് ദാവൂദിന് ഇഷ്ടമില്ലായിരുന്നെന്നും പ്രചരണങ്ങളുണ്ട്. 4 സഹോദരിമാർക്കും മാസച്ചെലവിനായി 2 കോടി രൂപ വീതം ദാവൂദ് ഹവാല വഴി എത്തിച്ചു കൊടുത്തിരുന്നത്രേ. എന്നാൽ ദാവൂദിന്റെ ബെനാമിയായാണു ഹസീന പ്രവർത്തിച്ചിരുന്നതെന്നു ചില മുൻ പൊലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സഹോദരന്മാരിൽ ആരെയും ഏൽപിക്കാത്ത അധോലോക സാമ്രാജ്യം ഹസീനയുടെ കയ്യിൽ വച്ചു കൊടുത്തത് പെങ്ങളുടെ താൻപോരിമ ദാവൂദിനു ബോധ്യപ്പെട്ടിട്ടു തന്നെയാണെന്നും അവർ അടിവരയിടുന്നു. വെള്ളക്കല്ല് മുക്കൂത്തിയും വലിയ കമ്മലും ഇട്ട് സൽവാർ കമ്മീസോ സാരിയോ ധരിച്ചു ഹസീനയെ കണ്ടാൽ ഗുണ്ടാനേതാവാണെന്ന് ആരും പറയില്ല. ദാവൂദിന്റെ പാവ മാത്രമാണെന്ന ‘ഇമേജ്’ തോന്നിക്കാൻ ഇതും ഒരു കാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

മകന്റെ ദുരൂഹ മരണം

മകൻ ഡാനിഷ് പാർക്കർ 2006ൽ അപകടത്തിൽ മരിച്ചതു ഹസീനയ്ക്കും ദാവൂദ് കുടുംബത്തിനും വലിയ ആഘാതമായിരുന്നു. അനന്തരവന്മാരിൽ ഏറെ പ്രിയമുള്ള ഡാനിഷിനെ അധോലോക ഇടപാടുകൾ ഏൽപിക്കാൻ ദാവൂദ് പദ്ധതിയിടുന്നതിനിടെയാണു സംഭവം. എതിരാളികൾ കൊലപ്പെടുത്തിയതാണോ എന്ന ചോദ്യമുൾപ്പെടെ ദുരൂഹതകൾ ഇപ്പോഴും ബാക്കി. അതിലൊന്നാണു ഡാനിഷ് സഞ്ചരിച്ച കാറിന്റെ ഉടമസ്ഥത. തിരുവനന്തപുരം സ്വദേശി മനോജിന്റെ പേരിൽ തിരുവനന്തപുരം റജിസ്ട്രേഷനിലുള്ള കാറിൽ പോകവേ ആയിരുന്നു അപകടം. കംപ്യൂട്ടർ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടർന്നു 2005ൽ വീടു വിട്ട മനോജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിനും കണ്ടെത്താനായില്ല.

അയൽവാസിയുടെ നാക്ക് മുറിച്ച കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിടെയായിരുന്നു ഡാനിഷിന്റെ മരണം. ലഹരിക്കടിമയായിരുന്നെന്നും കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നുമുള്ള നിഗമനങ്ങളിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു. മൂത്തമകന്റെ വേർപാടിനെ തുടർന്ന് കുറെനാൾ ഹസീന രോഗബാധിതയായി കിടപ്പിലായി. ചെറുപ്പം മുതലുള്ള ചെന്നിക്കുത്ത് ഇതിനിടെ കൂടുകയും ചെയ്തു. നാഗ്‌പാഡ വിടാൻ ആലോചിച്ചെങ്കിലും വേണ്ടെന്നു വച്ച ഹസീന പാർക്കർ, പിന്നീടു പിന്നണിയിൽ ഇരുന്നാണു ഗുണ്ടാപ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഹസീനയുടെ മരണ ശേഷം അവരുടെ ചില കെട്ടിടങ്ങൾ അധികൃതർ കണ്ടുകെട്ടി. നാഗ്പാഡയിലെ ഫ്ലാറ്റ് ലേലം ചെയ്തു. ദാവൂദിന്റെ കുടുംബവീടായ ‘ഇബ്രാഹിം മാൻഷൻ’ ഉൾപ്പെടെയുള്ള വസ്തുവകകളും ലേലത്തിൽ പോയി. ചിലതാകട്ടെ, പലവട്ടം ലേലത്തിനു വച്ചിട്ടും ഡി കമ്പനിയെ ഭയന്ന് ആരും വാങ്ങാനെത്തിയില്ല.

പാക്കിസ്ഥാനിലെ ‘വൈറ്റ്ഹൗസി’ൽ ദാവൂദ് ഉണ്ട്

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണല്ലോ വൈറ്റ് ഹൗസ്. പാക്കിസ്ഥാനിലും മറ്റുപലയിടങ്ങളിലുമുള്ള തന്റെ ആഡംബര വീടുകൾക്കു ദാവൂദ് ഇട്ടിരിക്കുന്ന പേരും അതാണ്. ഇക്കാലമത്രയും ദാവൂദ് എവിടെയെന്ന് അറിയില്ലെന്നു പറഞ്ഞതു തിരുത്തി, അയാൾ കറാച്ചിയിലുണ്ടെന്നു പാക്കിസ്ഥാൻ 2020ലാണു സമ്മതിച്ചത്. കറാച്ചിയിലെ വീടിന്റെ പേര് വൈറ്റ് ഹൗസ് ആണെന്നും സ്ഥിരീകരിച്ചു. സഹോദരപുത്രൻ കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ ദാവൂദും (67) ഭാര്യയും കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലാണെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതു നുണയാണെന്നു ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം ഓഡിയോ സന്ദേശം പുറത്തിറക്കി.

രക്തപ്രവാഹം തടസ്സപ്പെടുന്നതിനെ തുടർന്നു ശരീരകലകൾ നശിക്കുന്ന ഗുരുതരരോഗം ബാധിച്ചു ദാവൂദ് മരണക്കിടക്കയിലാണെന്ന് 2016ലും വാർത്തകളുണ്ടായിരുന്നു. ഹസീനയുടെ മകൻ അലിഷായെ എൻഐഎ ചോദ്യം ചെയ്തതു വെറുതെയല്ല. നിലവിൽ കേസുകളിലൊന്നും പെട്ടിട്ടില്ലാത്ത അലിഷായും ഡി കമ്പനി പ്രവർത്തനങ്ങളുടെ ഭാഗമാണോ എന്നാണു സംശയം. അമ്മയുടെ അധോലോക സമ്പാദ്യങ്ങളുടെ പങ്ക് അലിഷായുടെ പേരിലുണ്ടോ? ദാവൂദിന്റെ ബെനാമിയാണോ? നിശ്ശബ്ദമായി പ്രവർത്തിക്കുന്ന ഡി കമ്പനി ഇന്ത്യയ്ക്കെതിരെ ലക്ഷ്യമിടുന്നത് എന്താണ്? ഐപിഎൽ ബെറ്റിങ് ഉൾപ്പെടെ നിയന്ത്രിച്ചിരുന്ന ദാവൂദ് സംഘം രാജ്യത്തെ ലഹരി കടത്തിന്റെ മുഖ്യകണ്ണിയാണോ? തുടങ്ങി പലതലങ്ങളിലേക്കാണ് എൻഐഎ അന്വേഷണം കടക്കുന്നത്. ആപ അവശേഷിപ്പിച്ചത് അലി ഏറ്റെടുത്തിട്ടുണ്ടോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

Leave a Reply