Tuesday, July 27, 2021

കുതിരാൻ തുരങ്കത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള അഗ്നിരക്ഷാ സംവിധാനങ്ങളുടെ പരീക്ഷണപ്രവർത്തനം നടത്തി

Must Read

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള അഗ്നിരക്ഷാ സംവിധാനങ്ങളുടെ പരീക്ഷണപ്രവർത്തനം നടത്തി. ഓഗസ്റ്റ് ഒന്നിന് തുറക്കാൻ ലക്ഷ്യമിടുന്ന ഇടതുതുരങ്കത്തിലെ സംവിധാനങ്ങൾ പരിശോധിച്ച് അനുമതി നൽകുന്നതിനുള്ള അഗ്നിരക്ഷാവകുപ്പിന്റെ നടപടിയുടെ ഭാഗമായാണ് പരീക്ഷണ പ്രവർത്തനം നടത്തിയത്.

നിലവിലുളള സംവിധാനങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് തൃശ്ശൂർ ജില്ലാ ഫയർ ഓഫീസർ അരുൺഭാസ്‌കർ പറഞ്ഞു. തീപ്പിടിത്തമുണ്ടായാൽ യാത്രക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻകഴിയും വിധത്തിൽ തുരങ്കത്തിനുള്ളിൽ ഇരുവശത്തുമായി 40 അഗ്നിശമന ഉപകരണങ്ങളും വെള്ളം പമ്പുചെയ്യുന്നതിനായി 17 ഹോസ് റീലുകളുംകൂടി സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവ സ്ഥാപിച്ചശേഷം ഒരിക്കൽക്കൂടി പരിശോധിച്ച് അനുമതിനൽകും.

നിലവിൽ 40 അഗ്നിശമന ഉപകരണങ്ങളും നാല് ഹോസ് റീലുകളും സ്ഥാപിച്ചിട്ടുണ്ട്. വെള്ളമെടുക്കുന്നതിനായി തുരങ്കത്തിനുള്ളിൽ 50 മീറ്റർ ഇടവിട്ട് 21 ഇടങ്ങളിൽ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് പര്യാപ്തമാണെന്ന് അഗ്നിരക്ഷാ അധികൃതർ പറഞ്ഞു. നേരിട്ട് വെള്ളം പമ്പുചെയ്യുന്നതിനായി 180 ഡിഗ്രിയിൽ തിരിക്കാൻകഴിയുന്ന രണ്ട് വാട്ടർ മോണിറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.

ജലലഭ്യത ഉറപ്പാക്കുന്നതിനായി തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് നാലരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും നിർമിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ നടപ്പാതയ്ക്കരികിലൂടെ സ്ഥാപിച്ചിട്ടുള്ള വലിയ പൈപ്പ് ടാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിനായി പ്രത്യേക കുഴൽക്കിണറും നിർമിച്ചിട്ടുണ്ട്. അരുൺഭാസ്‌കർ, തൃശ്ശൂർ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ വിജയ്‌കൃഷ്ണ, തൃശ്ശൂർ ആസ്ഥാനമായുള്ള അലിഗോ ഫയർസിസ്റ്റം അധികൃതർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സംവിധാനങ്ങൾ പരിശോധിച്ചത്.

അടുത്തയാഴ്ച വൈദ്യുതീകരണജോലി പൂർത്തിയാക്കി ഇവയുടെ പരീക്ഷണപ്രവർത്തനവും നടത്തും. കിഴക്കുഭാഗത്ത് തുരങ്കത്തിനുമുകളിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കോൺക്രീറ്റ് ജോലി നടക്കുന്നുണ്ട്. തൃശ്ശൂർ കളക്ടർ ഹരിത വി. കുമാർ എല്ലാദിവസവും ജോലിയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News