കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസിൽ പാലാഴി ഹൈലൈറ്റ് മാളിനുസമീപം കാറുകൾ കൂട്ടിയിടിച്ച് കുട്ടിയുൾപ്പടെ 10 പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 9.30-യോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വയനാട്ടിൽ വിനോദസഞ്ചാരത്തിനുപോയി തിരിച്ചുവരുകയായിരുന്ന ഒറ്റപ്പാലം സ്വദേശികളായ മസൂദ് (21), ഉമ്മർ ഫാറൂഖ് (21), മുഹമ്മദാലി (20), റമീസ് (20), നിഷാജ് (20), റാഷിദ് (20) എന്നിവരാണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇവർ സഞ്ചരിച്ച കാർ രാമനാട്ടുകരഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളും പൂർണമായും തകർന്നിട്ടുണ്ട്. അനസ് (42), ഹാരിസ് (43), താഹിൽ( 43), സാഹിദ് (10) എന്നിവർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടു കാറുകളും അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവാഹനങ്ങളും വളവിൽ ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും അമിതവേഗതയിലായിരുന്നു കാറുകളെന്നും പോലീസ് പറഞ്ഞു. കൂട്ടിയിടിച്ച കാറുകൾ ഓവർടേക്ക് ചെയ്തുവന്ന രണ്ടുവാഹനങ്ങളെയും അപകടത്തിൽപ്പെടുത്തി.
ഒരു മണിക്കൂറോളം ബൈപ്പാസിലെ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
English summary
Ten people, including a child, were injured in a car accident near Palazhi Highlight Mall