കാൻബറ: ഏകദിന പരമ്പര സമ്പൂർണമായി അടിയറവു പറയാതിരിക്കാൻ ടീം ഇന്ത്യ പാഡുകെട്ടുന്നു. ആസ്ട്രേലിയൻ മണ്ണിൽ 20 വർഷത്തിനിടെ ആദ്യ ‘വൈറ്റ്വാഷ്’ ഒഴിവാക്കുക എന്ന വെല്ലുവിളിക്കിടെയാണ് ഇന്ത്യ ഇറങ്ങുന്നത്. റൺ ഫെസ്റ്റിവലായി മാറിയ ആദ്യ രണ്ടു മത്സരവും ജയിച്ച് ഓസീസ് നേരത്തേതന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ബൗളിങ്ങാണ് ഏറ്റവും വെല്ലുവിളി. ജസ്പ്രീത് ബുംറയും നവദീപ് സെയ്നിയും യുസ്വേന്ദ്ര ചഹലും ഉൾപ്പെടെയുള്ളവർ അടികൊണ്ട് തളർന്നതോടെ പുതുക്കിപ്പണിയൽ അനിവാര്യമായിരിക്കുന്നു.
ബുംറക്കും സെയ്നിക്കും ഇന്ത്യ വിശ്രമം നൽകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഷർദുൽ ഠാകുറും അരങ്ങേറ്റം കാത്തിരിക്കുന്ന യോർക്കർ സ്പെഷലിസ്റ്റ് ടി. നടരാജനും കളിച്ചേക്കും. ഓസീസ് മുൻനിരക്കെതിരെ, പ്രത്യേകിച്ച് സ്റ്റീവ് സ്മിത്തിനെതിരെ എങ്ങനെ പന്തെറിയുമെന്ന് ഒരു ധാരണയുമില്ലാതെയാണ് കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ ബൗളർമാർ കളിച്ചത്. അതേസമയം, ഓസീസ് നിരയിൽ ഡേവിഡ് വാർണറും പാറ്റ് കമ്മിൻസും പുറത്തായതാണ് കാര്യമായ മാറ്റം. വാർണർക്ക് പകരക്കാരനായി ഡാർസി ഷോർടാവും കളിക്കുക.
English summary
Team India, is trying hard, not to give up, the ODI series completely