ടീം ഇന്ത്യ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോഡിനൊപ്പമെത്തി

0

ധര്‍മശാല: ടീം ഇന്ത്യ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോഡിനൊപ്പമെത്തി.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നു ട്വന്റി20 കളുടെ പരമ്പരയില്‍ സമ്പൂര്‍ണ ആധിപത്യം നേടിയതോടെയാണ്‌ ഇന്ത്യ റെക്കോഡിനൊപ്പമെത്തിയത്‌. തുടര്‍ച്ചയായി 12 ജയങ്ങളുമായി അഫ്‌ഗാനിസ്‌ഥാന്റെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്‌ ശര്‍മയ്‌ക്കും സംഘത്തിനുമായി. ട്വന്റി20 ലോക റാങ്കിങ്ങില്‍ ഒന്നാംസ്‌ഥാനക്കാരുമാണ്‌ ഇന്ത്യ.
രാജ്യാന്തര ട്വന്റി20 യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരമെന്ന റെക്കോഡ്‌ ഇന്ത്യന്‍ നായകന്‍ രോഹിത്‌ ശര്‍മ സ്വന്തമാക്കിയിരുന്നു. 125 ട്വന്റി20 കളുമായാണു രോഹിത്‌ റെക്കോഡ്‌ തിരുത്തിയത്‌.
പാകിസ്‌താന്റെ ബാറ്റര്‍ ഷുഐബ്‌ മാലിക്കിനെയാണു രോഹിത്‌ മറികടന്നത്‌. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ കളിക്കാനിറങ്ങിയതോടെയാണു രോഹിത്‌ ഈ നേട്ടം കൈവരിച്ചത്‌. ഷുഐബ്‌ 124 മത്സരങ്ങള്‍ കളിച്ചു. പാകിസ്‌താന്റെ ഓള്‍റൗണ്ടര്‍ മുഹമ്മദ്‌ ഹഫീസ്‌ 119 ട്വന്റി20 കളുമായി മൂന്നാമതാണ്‌. മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ ആറ്‌ വിക്കറ്റിനാണു ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 146 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 19 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 45 പന്തില്‍ ഒരു സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 73 റണ്ണെടുത്ത ശ്രേയസ്‌ അയ്യര്‍, 15 പന്തില്‍ 22 റണ്ണെടുത്ത രവീന്ദ്ര ജഡേജ എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here