ടാറ്റു പതിപ്പിക്കുന്നതിനിടെ ലൈംഗിക പീഡനം നടത്തിയെന്ന കേസില്‍ ടാറ്റു കേന്ദ്രം ഉടമയും ആര്‍ട്ടിസ്‌റ്റുമായ സുജീഷ്‌ അറസ്‌റ്റില്‍

0

കൊച്ചി: ടാറ്റു പതിപ്പിക്കുന്നതിനിടെ ലൈംഗിക പീഡനം നടത്തിയെന്ന കേസില്‍ ടാറ്റു കേന്ദ്രം ഉടമയും ആര്‍ട്ടിസ്‌റ്റുമായ സുജീഷ്‌ അറസ്‌റ്റില്‍. പരാതിയെത്തുടര്‍ന്ന്‌ ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്‌ടഡ്‌ ടാറ്റു കേന്ദ്രത്തില്‍ പോലീസ്‌ പരിശോധന നടത്തിയിരുന്നു. ഈ സമയം സുജീഷ്‌ ഒളിവിലായിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ ടാറ്റു പതിപ്പിക്കുന്നതിനു സ്‌ഥിരമായി എത്തുന്ന കേന്ദ്രമാണിത്‌.
യുവതികള്‍ കൊച്ചിയിലെ മൂന്നു പോലീസ്‌ സ്‌റ്റേഷനുകളിലായി അഞ്ചു പരാതികള്‍ നല്‍കിയിട്ടുണ്ട്‌. ഇന്നലെ ബംഗളുരുവില്‍നിന്ന്‌ ഇ-മെയിലില്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ക്ക്‌ ഒരു പരാതികൂടി ലഭിച്ചു.
രണ്ടു വര്‍ഷം മുമ്പു ടാറ്റു പതിപ്പിക്കുന്നതിനിടെ ലൈംഗികമായി തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റാണ്‌ അന്വേഷണത്തിലേക്കു നയിച്ചത്‌. ടാറ്റു ഇടാന്‍ പ്രത്യേക മുറിയുണ്ടെന്നും കൂടെ വരുന്നവരെ അവിടേക്കു കടത്തിവിടാറില്ലെന്നും അവിടെവച്ചാണ്‌ പീഡിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അവര്‍ രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. പിന്നീടു കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെയാണു പോലീസ്‌ കേെസടുത്ത്‌ അന്വേഷണം ഊര്‍ജിതമാക്കിയത്‌. അതോടെ സുജീഷ്‌ ഒളിവില്‍പോകുകയായിരുന്നു.
ഇന്നലെ സുജീഷിന്റെ ഒരു ബന്ധുവിനെ കൂട്ടിക്കൊണ്ടുവന്നാണ്‌ പോലീസ്‌ പരിശോധന നടത്തിയത്‌. സുജീഷ്‌ കൂടുതല്‍ പേരെ പീഡനത്തിനിരയാക്കിയതായാണ്‌ പോലീസിന്റെ സംശയം. വരുംദിവസങ്ങളില്‍ കൂടുതല്‍ പരാതി ലഭിക്കുമെന്നും സൂചനയുണ്ട്‌. അതിനിടെ, കൊച്ചി നഗരത്തിലെ വിവിധ ടാറ്റു പതിപ്പിക്കല്‍ സ്‌റ്റുഡിയോകളില്‍ പോലീസ്‌ പരിശോധന നടത്തി.

Leave a Reply