Wednesday, December 1, 2021

മരം മുറിച്ചു മാറ്റാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതോടെ പൊളിഞ്ഞത് മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനുള്ള തമിഴ്നാട് നീക്കം

Must Read

മരം മുറിച്ചു മാറ്റാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതോടെ പൊളിഞ്ഞത് മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനുള്ള തമിഴ്നാട് നീക്കം. ചീഫ് വൈൽഡ്‌ലൈഫ് വാർ‍ഡന്റെ ഉത്തരവിനെത്തുടർന്നു മരങ്ങൾ ഇന്നു മുതൽ മുറിക്കാ‍നായിരുന്നു തമിഴ്നാടിന്റെ തീരുമാനം.

മരങ്ങൾ മുറിച്ചു മാറ്റി ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിനു സുരക്ഷാ പ്രശ്നങ്ങളില്ലെന്നു സുപ്രീംകോടതി മുൻപാകെ ചൂണ്ടിക്കാട്ടുകയും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുക‍യുമായിരുന്നു തമിഴ്നാടിന്റെ തന്ത്രം. ബേബി ഡാം പുതുക്കിപ്പണിയാനുള്ള സന്നദ്ധത തമി‍ഴ്നാട് പലതവണ പ്രകടിപ്പിച്ചി‍രുന്നു. പക്ഷേ, ബേബി ഡാം പുതുക്കിപ്പണിയുന്നതി‍ലൂടെ പ്ര‍ശ്നം പരിഹരിക്ക‍പ്പെടില്ലെന്നും മുഖ്യ അണ‍ക്കെട്ടാണു ബലപ്പെടുത്തേണ്ട‍തെന്നും ഉള്ള നിലപാടാണ് കേരളത്തിന്.

മരം മുറി ഉത്തരവ് മരവിപ്പിച്ചതിനെതിരെ, സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി മുൻപാകെ തമിഴ്നാട് നിലപാടു സ്വീകരിക്കു‍മെന്ന് ഉറപ്പാണ്. ചീഫ് വൈൽഡ്‌ലൈഫ് വാർഡ‍ന്റെ ഉത്തരവ് ഇതു വരെ കേരള സർക്കാർ റ‍‍ദ്ദാക്കിയിട്ടുമില്ല. ഇതും തമിഴ്നാട് ആയു‍ധമാക്കും.

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിനെതിരെ അണ്ണാഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലി‍നെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാൽ, മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ച‍തോടെ തമിഴ്നാടിന്റെ വിജയമായി സ്റ്റാലിൻ അതു പ്രചരിപ്പിച്ചു. ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തിൽ സ്റ്റാലിന്റെ ഇനിയുള്ള നിലപാടും നിർണായകമാണ്.

അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യവുമായി മുന്നോട്ടു പോകാനാണ് കേരളത്തിന്റെ തീരുമാനം. അടുത്ത മാസം തമിഴ്നാട്–കേരള മുഖ്യമന്ത്രിമാർ തമ്മിൽ നടക്കുന്ന ചർച്ചയിൽ പുതിയ ഡാം എന്ന ആവശ്യം സജീവമാക്കാനും കേരളം തീരുമാനിച്ചു.

മുഖ്യമന്ത്രി തല ചർച്ചയ്ക്കു മുന്നോടിയായി സൗഹാർ‍ദ അന്തരീക്ഷമൊരുക്കാൻ ഉന്നതങ്ങളിലെ നിർ‍ദേശ പ്രകാരം തന്നെയാണു മരംമുറി അനുമതി എന്ന സൂചനകളും ഉയരുന്നുണ്ട്. നടപടി വിവാദമായപ്പോൾ ഉദ്യോഗസ്ഥരെ പഴി‍ച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയാ‍ണെന്ന വാദവുമുണ്ട്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News