ചെന്നൈ: കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടന് തവസി അന്തരിച്ചു. 60 വയസായിരുന്നു. മധുരയിലെ ശരവണ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ആശുപത്രി എംഡി ഡോ. പി ശരവണന് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മരണവിവരം അറിയിച്ചത്. നേരത്തെ ക്യാന്‍സര്‍ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിക്കുന്ന തവസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് താരത്തിന്റെ ദയനീയാവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. ചികിത്സാസഹായത്തിനായി കൈകൂപ്പി അപേക്ഷിക്കുന്ന തവസിയുടെ വിഡിയോ വളരെ വേഗത്തില്‍ പ്രചരിച്ചു. ഇതിനു പിന്നാലെ നടന് വിവിധ ഇടങ്ങളില്‍ നിന്ന് സഹായം എത്തിയിരുന്നു. വിജയ് സേതുപതി, സൂരി, ശിവകാര്ത്തികേയന്, ചിമ്പു, സൗന്ദരരാജ തുടങ്ങിയ താരങ്ങള്‍ നടനെ സാമ്പത്തികമായി സഹായിച്ചിരുന്നു. തവസിയുടെ ചികിത്സ ഡിഎംകെ എംഎല്‍എ ശരവണന് പൂര്‍ണമായും ഏറ്റെടുത്തിരുന്നു.
140ലധികം ചിത്രങ്ങളില്‍ വേഷമിട്ട വ്യക്തിയാണ് തവസി. 30 വര്‍ഷമായി തമിഴ് സിനിമാ ലോകത്ത് ചെറിയ വേഷങ്ങള്‍ ചെയ്ത തവസി രജനികാന്ത്, ശിവകാര്ത്തികേയന് എന്നിവര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
English summary
Tamil actor Thavasi dies after undergoing treatment for cancer