വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ അന്തരിച്ചു

0

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ദേഹാസ്വാസ്യത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1991 മുതൽ മൂന്നുപതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു. കേരളത്തിൽ വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.

1980ൽ മലബാർ ചോംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ സീനിയർ വൈസ് പ്രസിഡന്റ്, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ, സംസ്ഥാനസർക്കാരിന്റെ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ, സംസ്ഥാന വാറ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയംഗം, ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, വ്യവസായ ബന്ധസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏകോപന സമിതിക്കു കീഴിൽ ഷെഡ്യൂൾഡ് ബാങ്ക് പദവിയുള്ള കേരള മർക്കന്റൈൽ സഹകരണബാങ്ക് സ്ഥാപിച്ചത് നസറുദ്ദീനാണ്. ദീർഘകാലം അതിന്റെ ചെയർമാനുമായിരുന്നു.

Leave a Reply