സീറോ മലബാർ സഭ ഭൂമി ഇടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല

0

കൊച്ചി: സീറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല.എറണാകുളം തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ 11ന് എത്താനാണ് ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ ഹർജി നൽകിയിട്ടുണ്ട്. ഇത് ഇന്ന് കോടതി പരിഗണിക്കും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുതമല വഹിക്കുന്നതിനാൽ ഒഴിവാക്കണമെന്നുമാണ് ആവശ്യം. എന്നാൽ കർദിനാളിന് ഇളവ് നൽകരുതെന്ന് പരാതിക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

സഭയുടെ കീഴിലുള്ള 301.76 സെന്റ് സ്ഥലം 27,15,84,000 രൂപയ്‌ക്ക് ഭൂമി വിൽക്കണമെന്ന സഭയുടെ തീരുമാനത്തിന് വിരുദ്ധമായി 13,51,44,260 രൂപയ്‌ക്ക് വിറ്റിരുന്നു.ഇടപാടിൽ വൻ നികുതി വെട്ടിപ്പാണ് നടന്നതെന്ന് ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്‌ക്കാനാണ് സഭയുടെ കൈവശമുള്ള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചടക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്.

ഈ ഭൂമിയിടപാടിന് എത്ര പണം കൊടുത്തു എന്നതിനും കൃത്യമായ രേഖകളില്ല.യഥാർത്ഥ വിലയെക്കാൾ കുറച്ച് കാണിച്ചാണ് ഇടപാട് നടന്നത്. എന്നാൽ പണം അതിരൂപതയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. മാത്രമല്ല ഭൂമിയുമായി ബന്ധപ്പെട്ട് കൂടുതൽ തുകയുടെ വിൽപ്പന നടന്നിട്ടുണ്ട്. മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുള്ള പണം വകമാറ്റിയാണ് ഇടപാടുകൾ നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here