തൃശൂർ: ജയിൽ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിൻ്റെ ഭാര്യ സുമയ്യക്ക് വേണ്ടി സ്വപ്ന സുരേഷിൻ്റെ ഇടപെടൽ.
കാക്കനാട് ജയിലിൽ സുമയ്യയെ കാണാനെത്തിയ ബന്ധുക്കളെ അകത്തേക്കു കടത്തിവിട്ടില്ല. അതേസമയം, ജയിൽ അധികൃതരുടെ ബന്ധുക്കൾ ജയിൽ കാണാനെത്തി അകത്തുകടന്നു. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെട്ടു. ‘ ജയിൽ അധികൃതരുടെ ബന്ധുക്കൾക്കെന്താ കോവിഡ് നിയന്ത്രണമില്ലേ’ എന്ന് ഉദ്യോഗസ്ഥരോടു സ്വപ്ന ചോദിച്ചെന്നും സുമയ്യ വെളിപ്പെടുത്തുന്നു.
ജയിൽ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിനേറ്റ ക്രൂര മർദനത്തെക്കുറിച്ച് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ. അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ നിർബന്ധിച്ചെന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ. കഞ്ചാവു കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല ഹോസ്റ്റലിൽ ക്രൂര മർദനമേറ്റത്. പിറ്റേന്ന് മരിച്ചു. മർദനത്തിനു സാക്ഷിയായിരുന്നു സുമയ്യ. ‘അപസ്മാരമുള്ളയാളാണ്, മർദിക്കരുത്’ എന്ന് പ്രതികളെ കൈമാറുമ്പോൾ പൊലീസ് പറഞ്ഞതു ജയിൽ അധികൃതർക്ക് ഇഷ്ടപ്പെട്ടില്ലെന്നും ‘ലോക്കൽ പൊലീസിനെക്കൊണ്ടു റെക്കമൻഡ് ചെയ്യിക്കുമല്ലേ’ എന്നു ചോദിച്ചു മർദിച്ചു. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്നരാക്കി നിർത്തി. ഇതിനെ എതിർത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മർദിച്ചതായും അവർ പറഞ്ഞു.
English summary
Swapna Suresh’s intervention on behalf of Shemeer’s wife Sumayya, who died in the custody of jail authorities