ലോക്കറില്‍നിന്ന്‌ അന്വേഷണ ഏജന്‍സികള്‍ കണ്ടുകെട്ടിയ പണവും സ്വര്‍ണവും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സ്വര്‍ണക്കടത്ത്‌ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്‌ കോടതിയെ സമീപിക്കാനൊരുങ്ങുന്നു

0

കൊച്ചി : ലോക്കറില്‍നിന്ന്‌ അന്വേഷണ ഏജന്‍സികള്‍ കണ്ടുകെട്ടിയ പണവും സ്വര്‍ണവും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സ്വര്‍ണക്കടത്ത്‌ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്‌ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
പ്രതികളായ സ്വപ്‌ന, സരിത്‌, സന്ദീപ്‌ എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലെ പണവും സ്വപ്‌നയുടെ ലോക്കറില്‍ നിന്നു ലഭിച്ച പണവുമാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കണ്ടുകെട്ടിയത്‌.
ഇതില്‍ ഒരു കോടി രൂപ ലൈഫ്‌ മിഷന്‍ ഇടപാടിലെ കോഴയാണെന്ന്‌ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഇതൊഴിച്ചുള്ള പണവും സ്വര്‍ണവും തിരികെക്കിട്ടണമെന്നാണു സ്വപ്‌നയുടെ ആവശ്യം.
ജോലി നഷ്‌ടപ്പെട്ടതോടെ ജീവിക്കാന്‍ കഷ്‌ടപ്പെടുകയാണ്‌. ഇതു സ്വര്‍ണക്കടത്തിനു മുമ്പ്‌ ആകെയുണ്ടാക്കിയ സമ്പാദ്യമാണ്‌, കേസുമായി ബന്ധപ്പെട്ടതല്ല. കേസിലകപ്പെട്ടതോടെ വലിയ തുക ബാധ്യതയുണ്ട്‌.
സ്വര്‍ണവും ഒരു കോടി രൂപ കഴിച്ചുള്ള പണവും വിട്ടുകിട്ടിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ട്‌. ചികിത്സയ്‌ക്കായി പണം ആ്വശ്യമാണ്‌. പണമില്ലാത്തതിനാല്‍ ചികിത്സ വൈകുകയാണെന്നും സ്വപ്‌ന കോടതിയെ അറിയിക്കും.
എന്‍.ഐ.എയുടെ അന്വേഷണത്തിലാണ്‌ സ്വപ്‌നയുടെ ലോക്കറില്‍നിന്നു പണം കണ്ടെത്തിയത്‌. തിരുവനന്തപുരം സ്‌റ്റാച്യുവിലെ ഫെഡറല്‍ ബാങ്ക്‌ ലോക്കറില്‍ നിന്ന്‌ 36.5 ലക്ഷം രൂപയും എസ്‌.ബി.ഐയുടെ സിറ്റി ബ്രാഞ്ച്‌ ലോക്കറില്‍നിന്ന്‌ 64 ലക്ഷം രൂപയുമാണു കണ്ടെത്തിയത്‌. 982 ഗ്രാം സ്വര്‍ണവും എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. പൂവാര്‍ സഹകരണ ബാങ്ക്‌, കരമന ആക്‌സിസ്‌ ബാങ്ക്‌, മുട്ടത്തറ സര്‍വീസ്‌ സഹകരണ ബാങ്ക്‌, കേരള ഗ്രാമീണ്‍ ബാങ്ക്‌ എന്നിവിടങ്ങളും പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നു.
സ്വപ്‌നയുടെ പേരിലുണ്ടായിരുന്ന ബാങ്ക്‌ അക്കൗണ്ടുകളില്‍നിന്നും ലോക്കറില്‍നിന്നും ലഭിച്ച പണവും സ്വര്‍ണവും മാത്രമേ ഇ.ഡിക്കു തെളിവായി ലഭിച്ചിട്ടുള്ളൂ. എം. ശിവശങ്കറിനു പരമ്പരാഗതമായി കിട്ടിയതൊഴികെയുള്ള സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചിരുന്നു.

Leave a Reply