ബിജെപി പാമ്പിനെപ്പോലെയാണെന്നും ഉത്തർപ്രദേശിൽ നിന്ന് അവരെ തുടച്ചു നീക്കുന്നത് വരെ തളരാതെ പോരാടുന്ന കീരിയെപ്പോലെയാണ് താനെന്നും സ്വാമി പ്രസാദ് മൗര്യ

0

ന്യൂഡൽഹി: ബിജെപി പാമ്പിനെപ്പോലെയാണെന്നും ഉത്തർപ്രദേശിൽ നിന്ന് അവരെ തുടച്ചു നീക്കുന്നത് വരെ തളരാതെ പോരാടുന്ന കീരിയെപ്പോലെയാണ് താനെന്നും പാർട്ടിയിൽ നിന്ന് രാജിവെച്ച കാബിനറ്റ് മന്ത്രിയും പിന്നാക്കവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവുമായ സ്വാമി പ്രസാദ് മൗര്യ. തന്റെ രാജി ബി.ജെ.പി.യിൽ ഭൂകമ്പം ഉണ്ടാക്കിയെന്ന് പറഞ്ഞതിന് പിന്നാലെയാണ് മൗര്യയുടെ ട്വീറ്റ്.

” ആർഎസ്എസ് മൂർഖനെപ്പോലെയാണ്. ബിജെപി പാമ്പിനെപ്പോലെയും. യുപിയിൽ നിന്ന് ബിജെപിയെ തുടച്ചുനീക്കപ്പെടുന്നത് വരെ തളരാതെ പോരാടുന്ന കീരിയെപ്പോലെയാണ് സ്വാമി പ്രസാദ് മൗര്യ ” – അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തർപ്രദേശിൽ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് കാബിനറ്റ് മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ടത്. ദളിത് പിന്നാക്ക വിഭാഗങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പി. കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മൗര്യ സമുദായത്തിൽ സ്വാധീനമുള്ള സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി.

മകൻ ഉത്കർഷിന് നിയമസഭാസീറ്റ് നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് മൗര്യ രാജിവെച്ചതെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങൾ ആരോപിച്ചത്. ബി.എസ്.പി.യുടെ മുതിർന്നനേതാവും പ്രതിപക്ഷനേതാവുമായിരുന്ന സ്വാമി പ്രസാദ് മൗര്യ 2016-ലാണ് ബി.ജെ.പി.യിൽ ചേർന്നത്. മായാവതി സീറ്റുകച്ചവടം നടത്തി എന്നാരോപിച്ചാണ് ബി.എസ്.പി. വിട്ടത്.

ഇതിനിടെ സ്വാമി പ്രസാദ് മൗര്യക്ക് എതിരേ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഏഴുവർഷംമുമ്പത്തെ വിദ്വേഷപ്രസംഗ കേസിൽ സുൽത്താൻപുർ കോടതിയാണ് നടപടിയെടുത്തത്. 2014-ൽ ബി.എസ്.പി. അംഗമായിരിക്കേ മൗര്യ നടത്തിയ പ്രസംഗത്തിലെ വിവാദപരാമർശങ്ങളിൽ കേസ് നിലവിലുണ്ടായിരുന്നു. ഈ കേസിൽ ബുധനാഴ്ച ഹാജരാകാൻ സുൽത്താൻപുർ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, മൗര്യ എത്തിയില്ല. തുടർന്നാണ് വാറന്റയച്ചത്

Leave a Reply