നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത

0

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സർക്കാരും കൂടിക്കാഴ്ചക്ക് ഒരുങ്ങിയത്.

സെക്രട്ടറിയേറ്റില്‍ ഡെബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടിയെത്തിയത്. ഭർത്താവും സഹോദരനും ഒപ്പമുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചതെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിക്ക് രേഖാ മൂലം പരാതി നല്‍കി. സെക്രട്ടറിയേറ്റിന് അടുത്തുള്ള ഹോട്ടലിലേക്ക് കൂടികാഴ്ച്ചക്ക് ശേഷം അതിജീവിത മടങ്ങി. ഹോട്ടലില്‍വെച്ച് പരസ്യപ്രതികരണത്തിന് തയ്യാറാകും.

പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടിയുടെ ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയരുന്നു. കൂടിക്കാഴ്ചയില്‍ കേസ് അന്വേഷണത്തിൻറെ ഗതിയിലുള്ള ആശങ്ക നടി മുഖ്യമന്ത്രിയെ നേരിട്ടറിയിക്കും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ നിയമനം നൽകാത്തതും ചൂണ്ടിക്കാട്ടും. പരാതിയെ രാഷ്ട്രീയമായി വലിച്ചിഴതിലുള്ള അതൃപ്തിയും നടി അറിയിച്ചേക്കും.

എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം പിണറായി വിജയന്‍ അതീജീവിതയ്ക്ക് ഉറപ്പ് നല്‍കുമെന്നാണ് വിവരം. അതേ സമയം നടി പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ തള്ളി. നടിയുടേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. അന്വേഷണം നിലച്ചതോടെ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.

പ്രതിഭാഗം കേസിൽ കക്ഷിയല്ലാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. കേസിൽ രണ്ട് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here