മാളൂട്ടി മുതൽ ഹെലെൻ വരെ; സർവൈവൽ ഡ്രാമകളും റെസ്‍ക്യൂ മിഷനുകളുമൊക്കെയായി നിരവധി ഭാഷകളിൽ തിളങ്ങിയ ചിത്രങ്ങൾ ഇവയാണ്

0

വളരെ സാധാരണക്കാരായ ജീവിക്കുന്ന ആളുകൾ പെട്ടെന്ന് ഒരു അപകടത്തിൽ ചെന്നുപെടുക. പിന്നെ അവിടെ നിന്നും രക്ഷപെടാനായി പൊരുതുക. വന്നുപെട്ടിരിക്കുന്ന സാഹചര്യത്തിൻറെ ഗുരുതര സ്വഭാവം മനസിലാക്കുന്നതോടെ രക്ഷയ്ക്കായി സ്വയം ശ്രമിക്കുക. അതിനു കഴിയാതെ വരുന്നപക്ഷം മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാനായി നോക്കുക. ഒരു അപകടസന്ധിയിൽ എത്തിപ്പെടുകയും അവിടെനിന്നുള്ള മനുഷ്യരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവും സിനിമ എന്ന മാധ്യമത്തിന് എക്കാലവും താൽപര്യമുള്ള വിഷയമാണ്. സർവൈവൽ ഡ്രാമകളും റെസ്‍ക്യൂ മിഷനുകളുമൊക്കെയായി എല്ലാ ഭാഷാ സിനിമകളിലും മികച്ച സൃഷ്‍ടികളുണ്ട്. മലമ്പുഴയിൽ മലകയറ്റത്തിനിടെ കാൽ വഴുതി പാറയിടുക്കിൽ കുടുങ്ങിയ യുവാവ് ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ദൗത്യസംഘം തുടരുമ്പോൾ കണ്ടിരിക്കേണ്ട ചില സർവൈവൽ ഡ്രാമ സിനിമകളിലേക്ക് കണ്ണോടിക്കാം.

മാളൂട്ടി

രക്ഷാദൗത്യം പ്രമേയമാക്കുന്ന സിനിമകളെക്കുറിച്ച് ഓർക്കുമ്പോൾ മലയാളി സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം ഇതായിരിക്കും. ജോൺ പോളിൻറെ സംവിധാനത്തിൽ ഭരതൻ സംവിധാനം ചെയ്‍ത് 1990ൽ പുറത്തെത്തിയ ചിത്രം. ടൈറ്റിൽ കഥാപാത്രമായി ബേബി ശ്യാമിലി. ഒരു പഴയ കുഴൽ കിണറിലേക്ക് അഞ്ച് വയസുകാരി വീഴുന്നതും കുട്ടിയെ പുറത്തെത്താക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. 1990ൽ ഈ ചിത്രം പുറത്തെത്തുമ്പോൾ മലയാളത്തിൽ അതൊരു പുതുമയായിരുന്നു.

127 അവേഴ്സ്

ഡാനി ബോയിലിൻറെ സംവിധാനത്തിൽ 2010ൽ പ്രദർശനത്തിനെത്തിയ ബയോഗ്രഫിക്കൽ സർവൈവൽ ഡ്രാമ. പാറകൾക്കിടയിൽ കൈ കുടുങ്ങി 127 മണിക്കൂറുകൾ തള്ളിനീക്കിയ പർവതാരോഹകൻ ആരോൺ റാൽസ്റ്റണിൻറെ യഥാർഥ അനുഭവകഥയാണ് ചിത്രത്തിനാധാരം. അവസാനം കൈ അറുത്തുമാറ്റിയാണ് ആരോൺ രക്ഷപെടുന്നത്.

എവറസ്റ്റ്

12 ജീവനുകൾ പൊലിഞ്ഞ 1996ലെ എവറസ്റ്റ് ദുരന്തം പശ്ചാത്തലമാക്കുന്ന ചിത്രം. രണ്ട് പർവതാരോഹക സംഘങ്ങളുടെ സർവൈവൽ പ്രമേയമാക്കുന്ന ചിത്രം സംവിധാനം ചെയ്‍തത് ബാൽതസാർ കോർമക്കൂർ ആണ്. 2015ൽ പ്രദർശനത്തിനെത്തി.

കാസ്റ്റ് എവേ

സർവൈവൽ ഡ്രാമ ചിത്രങ്ങളിൽ ലോകമെങ്ങും ഏറെ ആരാധകരെ നേടിയ ചിത്രം. റോബർട്ട് സെമക്കിസിൻറെ സംവിധാനത്തിൽ 200ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിൽ നായക കഥാപാത്രമായ ചക്ക് നോളണ്ടിനെ അവതരിപ്പിച്ചത് ടോം ഹാങ്ക്സ് ആയിരുന്നു. ഒരു വിമാനാപകടത്തിനു ശേഷം തെക്കൻ പെസഫിക്കിലെ വിജനമായ ഒരു ദ്വീപിൽ അകപ്പെടുകയാണ് ചിത്രത്തിലെ നായകൻ. രക്ഷപെടാനുള്ള അയാളുടെ ശ്രമങ്ങളാണ് ചിത്രത്തിൻറെ പ്ലോട്ട്.

ദ് ഗ്രേ

ജോയ് കർണഹൻറെ സംവിധാനത്തിൽ 2011ൽ പുറത്തെത്തിയ സർവൈവൽ ഡ്രാമ. അലാസ്കയിൽ ഒരു എണ്ണക്കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു സംഘം ഒരു വിമാനാപകടത്തിനു ശേഷം അപകടകരമായ വന്യതയിൽ അകപ്പെട്ടുപോകുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. അവിടെനിന്നുള്ള അവരുടെ രക്ഷപെടലാണ് ചിത്രം പറയുന്നത്. ലയാം നീസണാണ് ജോൺ ഓട്‍വേ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ട്രാപ്പ്‍ഡ്

വിക്രമാദിത്യ മോട്ട്‍വാനെയുടെ സംവിധാനത്തിൽ 2016ൽ പ്രദർശനത്തിനെത്തിയ ബോളിവുഡ് ചിത്രം. ശൗര്യ എന്ന കോൾ സെൻറർ ജീവനക്കാരനായ നായകനായെത്തിയത് രാജ്‍കുമാർ റാവുവാണ്. കാമുകിയുടെ അറേഞ്ച്ഡ് വിവാഹത്തിനു തൊട്ടുമുൻപ് അവളുമൊന്നിട്ട് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനുവേണ്ടി ഒരു താമസസ്ഥലം അന്വേഷിച്ചു നടക്കുകയാണ് അയാൾ. അതിനായുള്ള തെരച്ചിലിനിടെ ഒരു അപ്പാർട്ട്മെൻറിൽ കുടുങ്ങിപ്പോവുകയാണ് ശൗര്യ. രക്ഷപെടാനുള്ള അയാളുടെ ശ്രമങ്ങളാണ് സിനിമയുടെ പ്ലോട്ട്.

ഹെലെൻ

മാത്തുക്കുട്ടി സേവ്യറുടെ സംവിധാനത്തിൽ 2019ൽ തിയറ്ററുകളിലെത്തി വിജയം നേടിയ മലയാളം സർവൈവൽ ഡ്രാമ. നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിലെ ചിക്കൻ ഹബിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി സ്ഥാപനത്തിലെ ഫ്രീസർ റൂമിൽ ഒരു രാത്രി കുടുങ്ങിപ്പോവുന്നതാണ് ചിത്രത്തിൻറെ പ്രമേയം. മൈനസ് 18 ഡിഗ്രി താപനിലയിൽ അവൾ എങ്ങനെ മുന്നോട്ടുപോകും എന്ന ഉദ്യേഗത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുന്നത്. ചിത്രം തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

Leave a Reply